20 July 2024 10:50 AM
Summary
- കര്‍ണാടക സിനി ആന്‍ഡ് കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് (ക്ഷേമ) ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു
- മൂന്ന് വര്‍ഷം കൂടുമ്പോള്‍ സെസ് നിരക്ക് പരിഷ്‌കരിക്കും
- ഈടാക്കുന്ന സെസ് കര്‍ണാടക സിനി ആന്‍ഡ് കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് വെല്‍ഫെയര്‍ ബോര്‍ഡിലേക്ക് മാറ്റും
സംസ്ഥാനത്തെ സിനിമാ-സാംസ്‌കാരിക കലാകാരന്മാര്‍ക്ക് പ്രയോജനം ചെയ്യുന്നതിനായി സിനിമാ ടിക്കറ്റുകള്‍ക്കും ഒടിടി സബ്സ്‌ക്രിപ്ഷന്‍ ഫീസിനും 2 ശതമാനം വരെ സെസ് ചുമത്തുന്ന കാര്യം കര്‍ണാടക പരിഗണിക്കുന്നു. കര്‍ണാടക സിനി ആന്‍ഡ് കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് (ക്ഷേമ) ബില്‍, 2024 ജൂലൈ 19 നാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.
'കര്‍ണാടക സിനി ആന്റ് കള്‍ച്ചറല്‍ ആക്ടിവിസ്റ്റ്സ് സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് വെല്‍ഫെയര്‍ ഫണ്ട്' എന്ന പേരില്‍ സര്‍ക്കാര്‍ ഒരു ഫണ്ട് സ്ഥാപിക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു. ബില്ല് അനുസരിച്ച്, സംസ്ഥാനത്തെ സിനിമാ ടിക്കറ്റുകള്‍, സബ്സ്‌ക്രിപ്ഷന്‍ ഫീസ്, അനുബന്ധ സ്ഥാപന വരുമാനം എന്നിവയില്‍ 'സിനി, കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് വെല്‍ഫെയര്‍ സെസ്' ചുമത്തും. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന പ്രകാരം സെസ് 1 മുതല്‍ 2 ശതമാനം വരെയാണ്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ നിരക്ക് പരിഷ്‌കരിക്കും.
ഒടിടി സബ്സ്‌ക്രിപ്ഷനുകളുടെ സെസ് എങ്ങനെ പിരിക്കാം എന്നതിനെ കുറിച്ചാണ് തങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നതെന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ക്കാര്‍ ഈടാക്കുന്ന സെസ് കര്‍ണാടക സിനി ആന്‍ഡ് കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് വെല്‍ഫെയര്‍ ബോര്‍ഡിലേക്ക് മാറ്റും.
തൊഴില്‍ വകുപ്പ് മന്ത്രി, തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/സെക്രട്ടറി, ലേബര്‍ കമ്മീഷണര്‍ തുടങ്ങിയ അംഗങ്ങള്‍, സിനിമാ പ്രവര്‍ത്തകരും മറ്റുള്ളവരും ഉള്‍പ്പെടെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത 17 അംഗങ്ങളും ബോര്‍ഡില്‍ ഉണ്ടാകും.