21 Oct 2023 10:41 AM
Summary
ഇസ്രായേലി പോലീസിന് ഒരു ലക്ഷം യൂണിഫോം ഷർട്ടുകളാണ് കമ്പനി നൽകുന്നത്.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതു വരെ ഇസ്രായേൽ പോലിസിൻ്റെ യൂണിഫോമിനുള്ള ഓർഡറുകൾ സ്വീകരിക്കേണ്ടതില്ലെന്ന് കണ്ണൂരിലെ ഒരു വസ്ത്ര നിർമ്മാണശാല.
"ആദ്യം സമാധാനം, അതിനുശേഷം ബിസിനസ്.യുദ്ധത്തിൽ നിരപരാധികൾ മരിച്ചു വീഴുമ്പോൾ അത് കണ്ടില്ലെന്നു നടിക്കാൻ കമ്പനിക്കു കഴിയില്ല" വർഷം 80 കോടിയോളം വിറ്റുവരവുള്ള മരിയൻ അപ്പാരൽസ് കമ്പനി ഉടമ തോമസ് ഓലിക്കൽ പറഞ്ഞു
"പണത്തിനേക്കാൾ വലുതാണ് മനുഷ്യ ജീവൻ്റെ വില.ഈ തീരുമാനം ഞങ്ങൾക്ക് സാമ്പത്തികമായി വലിയ നഷ്ട്മാണ്.എന്നാൽ അവിടെ മനുഷ്യർ നേരിടുന്ന ദുഃഖങ്ങളുടെയും,ദുരിതങ്ങളുടെയും മുമ്പിൽ ഞങ്ങളുടെ നഷ്ടം അത്ര വലുതല്ല.''
എന്നാൽ ഡിസംബർ വരെ കരാറുകൾ അനുസരിച്ചുള്ള ഓർഡറുകൾ ചെയ്തു നൽകുമെന്ന് കമ്പനിയുടെ മാനേജർ ഷിജിൻ കുമാർ പറഞ്ഞു.ഒരു വർഷം ഇസ്രായേലി പോലീസിന് ഒരു ലക്ഷം യൂണിഫോം ഷർട്ടുകളാണ് മരിയൻ അപ്പാരൽസ് കമ്പനി നൽകുന്നത്.
ഇസ്രായേലി പോലീസിൻ്റെ ഒരു സംഘം കമ്പനിയുടെ നിർമ്മാണശാല അഞ്ചു ദിവസം സന്ദർശിച്ചു. ജോലിക്കാരുടെ കഴിവുകളും, മറ്റു ഗുണ നിലവാരങ്ങളും വിലയിരുത്തിയതിനു ശേഷമാണ് ഓർഡറുകൾ നൽകിയതെന്ന് ഷിജിൻ കുമാർ പറഞ്ഞു.
പശ്ചിമേഷ്യയിലെയും,ചിലി,യൂറോപ്യൻ രാജ്യങ്ങളിലെയും പോലീസ് സേനക്കും, സൈന്യത്തിനും മരിയൻ അപ്പാരൽസ് യൂണിഫോമുകൾ സപ്ലൈ ചെയ്യുന്നുണ്ട്.
മരിയൻ അപ്പാരൽസ് കമ്പനി 2016 ൽ തിരുവന്തപുരത്താണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 2018 ൽ കണ്ണൂരിലേക്കു പറിച്ചു നട്ടു.ആദ്യ നാളുകളിൽ ഫാഷനിലും, ഡിസൈനർ വസ്ത്രങ്ങളിലുമായിരുന്നു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
പ്രവർത്തനം കണ്ണൂരിലേക്ക് മാറ്റിയതോടുകൂടി,ഏകദേശം 6000 ത്തിലധികം സ്ത്രീകൾക്ക് വസ്ത്ര നിർമാണത്തിൽ പരിശീലനം കൊടുക്കാൻ കഴിഞ്ഞുവെന്ന് കമ്പനി പറയുന്നു. ഇത് അവിടുത്തെ കൈത്തറി മേഖല തളർന്നതോടെ ജീവിതം വഴിമുട്ടിപോയവർക്കു വലിയ ആശ്വാസമായി.അതിൽ പലർക്കും കമ്പനി തന്നെ ജോലി നൽകി. മറ്റുള്ളവർ സ്വന്തം സംരംഭങ്ങൾ ആര൦ഭിക്കുകയോ, ഇന്ത്യയിലെയും,വിദേശത്തെയും പ്രമുഖ വസ്ത്രനിർമാണ ശാലകളിൽ ജോലി സ്വീകരിക്കുകയോ ചെയ്തു.
ഇപ്പോൾ സ്‌കൂളുകൾ, ആശുപത്രികൾ, കോർപ്പറേറ്റുകൾ, ഓയിൽ റിഗ്ഗുകൾ എന്നിവർക്ക് കമ്പനി യൂണിഫോം നൽകുന്നുണ്ട്.