image

16 Jun 2023 9:30 AM GMT

News

കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ കണ്ണീര്‍ ആര് തുടയ്ക്കും; അദാനിയോ ടാറ്റയോ?

MyFin Desk

kannur airport
X

Summary

  • കിയാലിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും രണ്ട് മാസമായി മുടങ്ങി
  • എല്ലാ വിദേശ വിമാനക്കമ്പനികള്‍ക്കും സര്‍വീസ് നടത്താനുള്ള അനുമതി കേന്ദ്രം നിഷേധിച്ചതാണ് കാരണം
  • കണ്ണൂരില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത് എയർ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും മാത്രം


സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നു. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പും കണ്ണൂരിനായി രംഗത്തുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും രണ്ട് മാസമായി മുടങ്ങി. വികസനത്തിന് 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി ആരംഭിച്ച ഓഫിസിനും താഴുവീണു.

2350 കോടി രൂപ മുടക്കി നിര്‍മിച്ച വിമാനത്താവളത്തിന്റെ വരുമാനം പ്രതിവര്‍ഷം 250 കോടി രൂപയാണ്. പ്രവര്‍ത്തനമാരംഭിച്ച് ആദ്യത്തെ 10 മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലെത്തിയ കണ്ണൂരില്‍ നിന്ന് നാല് വര്‍ഷത്തിനുള്ളില്‍ യാത്രക്കാര്‍ 31 ലക്ഷം ആയി ഉയര്‍ന്നിരുന്നു.

പണി തന്നത് കേന്ദ്രം

എല്ലാ വിദേശ വിമാനക്കമ്പനികള്‍ക്കും കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താനുള്ള അനുമതി കേന്ദ്രം നിഷേധിച്ചതോടെയാണ് വിമാനത്താവളം പ്രതിസന്ധിയിലായത്. കണ്ണൂരില്‍ സര്‍വീസ് നടത്തിയിരുന്ന ഇന്ത്യന്‍ വിമാനക്കമ്പനികളോട് യാത്രാ നിരക്കു വര്‍ധിപ്പിക്കാന്‍ സിവില്‍ വ്യോമയാന വകുപ്പ് നിര്‍ദേശിച്ചു. ഇതോടെ ദുബായിലേക്കുള്ള യാത്രക്കൂലി 15,000 രൂപയില്‍ നിന്നും 35,000 ആയി കുതിച്ചുകയറി. ഇത് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ആഭ്യന്തര വിമാനക്കമ്പനികള്‍ യാത്രാനിരക്ക് ഉയര്‍ത്തുകയും യാത്രക്കാരുടെ എണ്ണം കുറയുകയും ചെയ്തു.

ഇതിനിടെ ഗോ ഫസ്റ്റ് പാപ്പരായി കണ്ണൂരില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തി. കണ്ണൂരിനോട് വിടപറഞ്ഞ എയര്‍ ഇന്ത്യയാകട്ടെ നവംബറില്‍ വീണ്ടും തിരിച്ചുവരുമെന്ന് നല്‍കിയ വാഗ്ദാനവും പാഴായി. എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് ഇപ്പോള്‍ കണ്ണൂരില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. അവയില്‍ ഏറിയവയും നഷ്ടത്തിലോടുന്ന ആഭ്യന്തര സര്‍വീസുകളാണ്. ഗോ ഫസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തിയതോടെ പ്രതിമാസം ലഭിച്ചിരുന്ന അഞ്ച് കോടിയുടെ വരുമാനമാണ് ഇല്ലാതായത്.

വിമാനത്താവളത്തോടനുബന്ധിച്ച് കണ്‍വെന്‍ഷന്‍ സെന്റര്‍, നക്ഷത്ര ഹോട്ടല്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, വിമാന റിപ്പയറിങ് കോംപ്ലക്‌സ് എന്നിവയ്ക്ക് നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് കേന്ദ്ര വ്യോമയാനവകുപ്പ് അനന്തമായി നീട്ടുകയാണ്.

പ്രതിമാസ നഷ്ടം 240 കോടി

വിമാനക്കമ്പനികളുടെ നിസഹകരണവും കേന്ദ്രത്തിന്റെ ദ്രോഹനിലപാടും മൂലം പ്രതിമാസ വരുമാനത്തിലുണ്ടാകുന്ന നഷ്ടം 240 കോടിയാണ്. ദിവസേന 12 ലക്ഷം രൂപ നഷ്ടം. 2,350 കോടി മുടക്കി നിര്‍മിച്ച വിമാനത്താവളത്തിനുവേണ്ടി എടുത്ത വായ്പ 892 കോടി രൂപയായിരുന്നത് ഇപ്പോള്‍ പലിശയടക്കം 1,100 കോടിയായി. തിരിച്ചടവിന്റെ കാലാവധിയും കഴിഞ്ഞു.

കിയാലിന്റെ പ്രതിസന്ധി പിടിവള്ളിയാക്കി സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതു കേന്ദ്രതന്ത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അത്യന്തം പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ വിമാനത്താവളത്തെ കൊണ്ടെത്തിച്ചിട്ട് സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര തന്ത്രമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിമാനത്താവളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി സ്വകാര്യവല്‍ക്കരിച്ച് ടാറ്റാ ഗ്രൂപ്പിന് വില്‍ക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നതെന്നാണ് വിവരം.

നിര്‍ണായകമായത് ഗോ ഫസ്റ്റിന്റെ തീരുമാനം

ഗോ ഫസ്റ്റ് എയര്‍ലൈന്‍ സര്‍വിസ് നിര്‍ത്തിയതോടെ കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടായത്. അന്താരാഷ്ട്ര സര്‍വിസുകളുള്‍പ്പെടെ അവര്‍ ദിവസേന കണ്ണൂരില്‍ നിന്ന് എട്ട് സര്‍വിസുകള്‍ നടത്തിയിരുന്നു. അബൂദബി, കുവൈത്ത്, ദുബായ്, ദമ്മാം, മസ്‌കത്ത്, മുംബൈ എന്നീ നഗരങ്ങളിലേക്കാണ് സര്‍വിസ് നടത്തിയിരുന്നത്. കണ്ണൂരില്‍ നിന്ന് കുവൈത്ത്, ദമ്മാം എന്നിവിടേക്ക് സര്‍വീസ് നടത്തിയ ഒരേയൊരു വിമാനക്കമ്പനി ഗോ ഫസ്റ്റ് ആയിരുന്നു. ഇതു നിലച്ചതോടെ മാസത്തില്‍ 240 സര്‍വിസുകളാണ് കുറഞ്ഞത്.

പലവിധത്തിലായി കിയാലിന് പ്രതിമാസം 13 ലക്ഷം രൂപയാണ് ഗോ ഫസ്റ്റ് നല്‍കിയിരുന്നത്. യാത്രക്കാരില്‍ പ്രതിദിനം 1200 പേരുടെ കുറവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഗോ ഫസ്റ്റ് സര്‍വിസ് നിര്‍ത്തിയതോടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം പോലുമില്ലാതെ പ്രയാസപ്പെടുകയാണ് കണ്ണൂര്‍ വിമാനത്താവളം അധികൃതര്‍.

നിലവില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് കണ്ണൂരില്‍ നിന്ന് സര്‍വിസ് നടത്തുന്നത്. ഇതില്‍ എയര്‍ ഇന്ത്യയുടെ നിരക്ക് വളരെ കൂടുതലായതും യാത്രക്കാരെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ പ്രേരിപ്പിക്കുകയാണ്. വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതി ഉടന്‍ ലഭിച്ചില്ലെങ്കില്‍ കണ്ണൂരിന്റെ കാര്യം പോക്കാണ്. ഈയൊരു അവസ്ഥയില്‍ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറുകയെന്ന തന്ത്രം എളുപ്പം വിജയംകാണും.