15 Nov 2023 8:52 AM
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടികൾ ആരംഭിച്ചു
MyFin Desk
Summary
ബാങ്കിൽ 100 കോടി രൂപയുടെ ക്രമക്കേടുകളും തിരിമറികളും നടന്നതായി സംസ്ഥാന സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടികൾ ആരംഭിച്ചു. ഇതിനു മുന്നോടിയായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ബാങ്കിൽ പരിശോധന നടത്തി. നിലവിൽ കണ്ടല ബാങ്കിൽ 100 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 54 കേസുകളാണ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ചിന്റെ സെൻട്രൽ യൂണിറ്റ് ഇപ്പോൾ അന്വേഷിക്കുന്നത്. വായ്പയായി എടുത്ത കോടികൾ തിരികെ നൽകാത്തവരുടെ വിവരങ്ങളും അന്വേഷണ സംഘം ബാങ്കിൽ നിന്ന് ശേഖരിച്ചു.
2022 മുതലുള്ള ബാങ്ക് സെക്രട്ടറിമാരും പ്രസിഡന്റുമാരുമാണ് കേസിലെ മുഖ്യപ്രതികൾ. ബാങ്കിൽ 100 കോടി രൂപയുടെ ക്രമക്കേടുകളും തിരിമറികളും നടന്നതായി സംസ്ഥാന സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതു ``അൺറെഗുലേറ്റഡ് ഡിപോസിറ്റ് സ്കീം ആക്ട്'' പ്രകാരമാണ്
. ഇതിനിടയിൽ സിപിഐ നേതാവ് എൻ.ഭാസുരംഗനും മകനും ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരോട് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജാരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.