14 April 2025 5:23 AM
പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുന്ന കെ സ്മാർട്ട് പദ്ധതി സൂപ്പർ ഹിറ്റ്. ജനന മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളും ഓഫീസുകളിൽ ചെല്ലാതെ സ്വന്തമാക്കാം എന്നതാണ് കെ സ്മാർട്ടിന്റെ പ്രത്യേകത. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും കെ സ്മാർട്ട് വ്യാപിപ്പിച്ചതോടെ വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സര്‍ക്കാരുകളുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കിനല്‍കുന്നത്. ജനന-മരണ-വിവാഹ റജിസ്ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ നിരവധിയായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങള്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കേണ്ടതുണ്ട്. വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വിവിധ സോഫ്‌റ്റ്വെയറുകളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തെ മാറ്റിക്കൊണ്ട്, ഒറ്റ പ്ലാറ്റ്ഫോമിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലെത്താതെ തന്നെ ഈ സേവനങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ കെ സ്മാര്‍ട്ടിലൂടെ കഴിയുന്നുവെന്നതാണ് പ്രത്യേകത.