2 Nov 2023 10:10 AM
Summary
- ക്രെഡായ് സ്റ്റേറ്റ് കോൺ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു. ക്രെഡായ് കേരള സെക്രട്ടറി ജനറൽ അഡ്വ.ചെറിയാൻ ജോൺ, കോൺഫറൻസ് ചെയർമാൻ ഡോ.നജീബ് സക്കറിയ, ക്രെഡായ് നാഷണൽ പ്രസിഡൻറ് ബൊമൻ ഇറാനി, കൊച്ചി മേയർ എം. അനിൽകുമാർ, ക്രെഡായ് കേരള ചെയർമാൻ രവി ജേക്കബ്, കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡ് എം ഡി വി.എസ് ശ്രീധർ എന്നിവർ സമീപം
കൊച്ചി: കേരളത്തിലെ മുഴുവൻ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ജനുവരി ഒന്നു മുതൽ ഏകീകൃത സോഫ്റ്റ് വേർ നിലവിൽ വരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കെ- സ്മാർട്ട് ആപ്പ്ളിക്കേഷൻ്റെ ഉദ്ഘാടനം ജനുവരി ഒന്നിന് കൊച്ചിയിൽ മുഖ്യമന്ത്രി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രെഡായ് കേരള സ്റ്റേറ്റ്കോൺ ഏഴാം പതിപ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു മന്ത്രി. കെ - സ്മാർട്ട് നിലവിൽ വരുന്നതോടെ സ്മാർട്ട് ഫോൺ മാത്രം ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ പോകാതെ തന്നെ എല്ലാ കാര്യങ്ങളും നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഇത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കും. മൂന്ന് സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഈ സോഫ്റ്റ് വേറിനായി കേരളത്തെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ-സ്മാർട്ട് നിലവിൽ വരുന്നതോടെ ചട്ടപ്രകാരമുള്ള അപേക്ഷയാണെങ്കിൽ 30 സെക്കൻഡിനുള്ളിൽ ബിൽഡിങ്ങ് പെർമിറ്റ് നൽകും. ചാറ്റ് ജിപിടി, നിർമിത ബുദ്ധി തുടങ്ങി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് സോഫ്റ്റ് വേർ തയാറാക്കിയിരിക്കുന്നത്. എൻ ഒ സി കൾ ലഭിക്കാനുള്ള കാലതാമസവും ഒഴിവാകും. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾക്ക് ഇതോടെ സുതാര്യതയും കാര്യക്ഷമതയും വേഗവും കൈവരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളം അതിവേഗം നഗരവത്കരിക്കപ്പെടുകയാണെന്നും ഈ വെല്ലുവിളി നേരിടാൻ തദ്ദേശ സ്ഥാപനങ്ങൾ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി രാജേഷ് പറഞ്ഞു.
നഗരവികസനത്തിന് പുതിയ രീതി ഉണ്ടാക്കണമെന്നും സർക്കാർ കൊണ്ട് വരുന്ന മാറ്റങ്ങൾ പ്രായോഗികമായി നടപ്പാക്കണമെന്നും വിശിഷ്ടാതിഥിയായിരുന്ന കൊച്ചി മേയർ എം.അനിൽകുമാർ നിർദേശിച്ചു. അടുത്ത 10 വർഷത്തിനുളളിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ക്രെഡായ് ദേശീയ പ്രസിഡൻ്റ് ബൊമൻ ഇറാനി ചൂണ്ടിക്കാട്ടി. സുസ്ഥിര വികസനം സാധ്യമാക്കാൻ ഹരിത നിർമിതികൾ ഉറപ്പാക്കണം. അതിവേഗ മാറ്റത്തിന് അനുസൃതമായി കൂടുതൽ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൻ്റെ നോളഡ്ജ് പാർട്ണർ കുഷ്മാൻ ആന്‍ഡ് വേക്ക്ഫീൽഡ് തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി പുറത്തിറക്കി. ക്രെഡായ് കേരള ചെയർമാൻ രവി ജേക്കബ്, കോൺഫറൻസ് ചെയർമാൻ ഡോ. നജീബ് സക്കറിയ, ക്രെഡായ് കേരള സെക്രട്ടറി ജനറൽ അഡ്വ.ചെറിയാൻ ജോൺ, കുഷ്മൻ ആൻഡ് വേക്ക് ഫീൽഡ് മാനേജിംഗ് ഡയറക്ടർ വി.എസ് ശ്രീധർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു..
കേരളത്തെ ടയർ 2 ഡെസ്റ്റിനേഷനാക്കി മാറ്റുന്നത് സംബന്ധിച്ച പാനൽ ചർച്ചയിൽ ക്രെഡായ് നാഷണൽ പ്രസിഡൻ്റ് ബൊമൻ ഇറാനി, സെക്രട്ടറി രാം റെഡ്ഢി, സ്ട്രാറ്റജിക് കൺസൾട്ടിംഗ് മാനേജിംഗ് ഡയറക്ടർ ഖുർഷദ് ഗാന്ധി, ക്രെഡായ് തെലങ്കാന പ്രസിഡൻ്റ് രാമകൃഷ്ണറാവു, ക്രെഡായ് കേരള കൺവീനർ എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
സി ഐ ഐ , ബി എ ഐ , കെ എം എ , ഐ എ എ , ഐ പി എ തുടങ്ങിയ സംഘടനകളിൽ നിന്നുള്ള 100 പ്രതിനിധികൾക്ക് പുറമെ, സംസ്ഥാനത്തെ അഞ്ച് ചാപ്റ്ററുകളായ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള 300-ലധികം റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും ദ്വിദിനസമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.