5 Jun 2023 5:45 AM GMT
കെ ഫോണ്‍; ഡിജിറ്റല്‍ സമത്വത്തിലൂന്നിയ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി ഇന്ന് യാഥാര്‍ത്ഥ്യമാകും
Kochi Bureau
Summary
- ഇന്റര്‍നെറ്റ് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ച ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം
- 18000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിക്കഴിഞ്ഞു
എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന ഡിജിറ്റല്‍ സമത്വവുമായി സംസ്ഥാനത്ത് കെഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക്) ഇന്ന് യാഥാര്‍ത്ഥ്യമാകും. ഇന്ന് വൈകീട്ട് നാല് മണിക്ക് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു മണ്ഡലത്തില്‍ 100 എണ്ണം നിരക്കില്‍ 14,000 വീടുകളുാണ് കെ ഫോണിന്റെ ഗുണഭോക്താക്കളാകുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലുമാണ് കെഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുക. സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്കാണ് കെഫോണ്‍ സൗകര്യം ലഭിക്കുക.
നിലവില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍ തുടങ്ങി 18000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 748 കണക്ഷന്‍ നല്‍കി. 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 26492 ഓഫീസുകളിലാണ് കേബിള്‍ സ്ഥാപിച്ചത്. ഇതില്‍ 17354 ഇടങ്ങളില്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല കേരളത്തില്‍ 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് സൗകര്യ ലഭ്യമാക്കാന്‍ പര്യാപ്തമായ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ കെ ഫോണിനുണ്ട്. 20 എംബിപിഎസ് ആണ് ഇന്റര്‍നെറ്റിന്റെ വേഗത.
കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് കെ ഫോണിന്റെ നെറ്റ് വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്റര്‍. 376 കെഎസ്ഇബി സബ് സ്റ്റേഷനുകളിലായുള്ള പിഒപി (പോയിന്റ് ഓഫ് പ്രസന്‍സ്) കേന്ദ്രങ്ങള്‍ വഴിയാണ് ഇന്റര്‍നെറ്റ് എത്തുന്നത്. കൂടാതെ പൊതുജനങ്ങള്‍ക്കായി 2000 സൗജന്യ വൈഫൈ സ്‌പോട്ടുകളും, സര്‍ക്കാര്‍ ഓഫീസില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ് വര്‍ക്കും കെ ഫോണ്‍ മുഖേന സജ്ജമാക്കുന്നുണ്ട്.
ആപ്പ് വഴിയും
ഉദ്ഘാടനത്തിനു ശേഷം കെ ഫോണ്‍ ആപ്പ് പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും. ഇതിനായി കണക്ഷന്‍ എടുക്കുന്നതിന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ന്യൂ കസ്റ്റമര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ശേഷം പ്രാഥമിക വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിന് ശേഷം ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്. പ്രാദേശിക നെറ്റ് വര്‍ക്ക് പ്രവൈഡര്‍മാര്‍ മുഖേനയാണ് കണക്ഷന്‍ ലഭിക്കുക.
ഇന്റര്‍നെറ്റ് പൗരാവകാശം
ഇന്റര്‍നെറ്റ് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ച ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ജ്ഞാന സമ്പദ് വ്യവസ്ഥയില്‍ ഊന്നുന്ന നവകേരള നിര്‍മിതിക്കായുള്ള പരിശ്രമത്തിനു അടിത്തറയൊരുക്കുന്ന പദ്ധതിയായി കെ ഫോണ്‍ മാറുമെന്നും, വൈദ്യുതി, ഐടി വകുപ്പുകള്‍ വഴി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ ഫോണ്‍ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റല്‍ ഡിവൈഡ് മറികടക്കാന്‍ സഹായകമാകുമെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെയും നിലവിലുള്ള ബാന്റ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്റ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
സംയുക്ത സംരംഭം
കെഎസ്ഇബിയുടേയും കെഎസ്‌ഐടിഐഎലിന്റേയും സംയുക്ത സംരംഭമായ കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോഷ്യത്തിനാണ് കരാര്‍ നല്‍കിയിരുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയില്‍ടെല്‍, എല്‍എസ് കേബിള്‍, എസ്ആര്‍ഐടി എന്നീ കമ്പനികളാണ് പ്രസ്തുത കണ്‍സോഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 1500 കോടി രൂപയാണ് കെ ഫോണിനായി കിഫ്ബി നല്‍കിയിരിക്കുന്നത്.
കെ-ഫോണ്‍ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു.