23 Nov 2023 11:22 AM GMT
Summary
- ആദ്യവനിതാ സുപ്രീംകോടതി ജസ്റ്റിസും മുന്‍ തമിഴ്‌നാട് ഗവര്‍ണറുമായിരുന്നു
- സുപ്രീംകോടതി ജസ്റ്റിസായത് 1989ല്‍
ആദ്യത്തെ വനിതാ സുപ്രീം കോടതി ജസ്റ്റിസും മുന്‍ തമിഴ്‌നാട് ഗവര്‍ണറുമായ ഫാത്തിമ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഉന്നത ജുഡീഷ്യൽ പദവിയിൽ എത്തുന്ന ആദ്യത്തെ മുസ്ലീം വനിത ആയിരുന്നു അവര്‍.
1927 , ഏപ്രിൽ 30 നു പത്തനംതിട്ടയില്‍ ജനിച്ച ഫാത്തിമ ബീവി തിരുവനന്തപുരം ലോ കോളേജില്‍നിന്നാണ് നിയമബിരുദം നേടിയത്. 1950 നവംബര്‍ 14 ന് അവര്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തു.
കേരളത്തിലെ ലോവര്‍ ജുഡീഷ്യറിയില്‍ തന്റെ ഔദ്യോഗിക ജീവിത൦ ആരംഭിച്ച അവര്‍ മുന്‍സിഫ്, സബോര്‍ഡിനേറ്റ് ജഡ്ജി, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി, എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചു. അവർ 1983-ല്‍ ഹൈക്കോടതി ജഡ്ജി ആയി. 1989-ല്‍ സുപ്രീം കോടതിയിൽ എത്തി. .
വിരമിച്ച ശേഷം, ജസ്റ്റിസ് ബീവി ആദ്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി സേവനമനുഷ്ഠിച്ചു, പിന്നീട് അവരെ തമിഴ്നാട് ഗവര്‍ണറായി നിയമിച്ചു.
ജസ്റ്റിസ് ബീവിയുടെ വിയോഗം അങ്ങേയറ്റം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
'നിരവധി റെക്കോര്‍ഡുകള്‍ നേടിയ ധീര വനിതയായിരുന്നു അവര്‍, ഇച്ഛാശക്തിക്കും ലക്ഷ്യബോധത്തിനും ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ കഴിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയായിരുന്നു അവര്‍,' മന്ത്രി ഒരു അനുശോചന സന്ദേശത്തിൽ പറഞ്ഞു.