6 Feb 2024 10:49 AM IST
Summary
- റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം സൂചിപ്പിച്ചത്
- ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഏറ്റെടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് പേടിഎമ്മും രംഗത്തുവന്നിട്ടുണ്ട്
- ഫെബ്രുവരി 5 ന് ബിഎസ്ഇയില്‍ പേടിഎം ഓഹരി വ്യാപാരം അവസാനിപ്പിച്ചത് 438.35 രൂപയിലാണ്. ഇത് എക്കാലത്തെയും താഴ്ന്ന നിലയാണ്
പേടിഎമ്മിന്റെ വാലറ്റ് ബിസിനസ് ഏറ്റെടുക്കാന്‍ യാതൊരു ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണു കമ്പനി വിശദീകരണവുമായി രംഗത്തുവന്നത്.
ഏറ്റെടുക്കല്‍ സംബന്ധിച്ച വാര്‍ത്ത ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഇക്കാര്യത്തില്‍ യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു.
ഫെബ്രുവരി 5 ന് സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം സൂചിപ്പിച്ചത്.
ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പേടിഎമ്മിന് ഫെബ്രുവരി 29 ന് ശേഷം വാലറ്റ് ബിസിനസുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ല. ഈ പശ്ചാത്തലത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പേടിഎമ്മിന്റെ വാലറ്റ് ബിസിനസ് ഏറ്റെടുക്കുമെന്നായിരുന്നു ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് പ്രചരിച്ചത്. ഇതേ തുടര്‍ന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി ബിഎസ്ഇയില്‍ ഫെബ്രുവരി 5 ന് 14 ശതമാനത്തോളം മുന്നേറി 289 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഏറ്റെടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് പേടിഎമ്മും രംഗത്തുവന്നിട്ടുണ്ട്.
ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു കഴിഞ്ഞ മൂന്ന് ദിവസം കൊണ്ടു പേടിഎം ഓഹരികള്‍ 42 ശതമാനത്തോളമാണ് ഇടിഞ്ഞത്.
ഫെബ്രുവരി 5 ന് ബിഎസ്ഇയില്‍ പേടിഎം ഓഹരി വ്യാപാരം അവസാനിപ്പിച്ചത് 438.35 രൂപയിലാണ്. ഇത് എക്കാലത്തെയും താഴ്ന്ന നില കൂടിയാണ്.