21 May 2023 11:09 AM
2000 നോട്ട് പിന്‍വലിച്ചതിനു പിന്നാലെ ജ്വല്ലറികളില്‍ ഉപഭോക്താക്കളുടെ അന്വേഷണങ്ങള്‍ കൂടി
MyFin Desk
Summary
- 2016ന് സമാനമായ പരിഭ്രാന്തി പിടിച്ച വാങ്ങലില്ല
- ചില ജ്വല്ലറികള്‍ പ്രീമിയം നിരക്കില്‍ 2000 നോട്ടിന് പകരം സ്വര്‍ണം നല്‍കുന്നു
- നടപടി ജ്വല്ലറി ബിസിനസിനെ കാര്യമായി ബാധിക്കില്ലെന്ന് വിലയിരുത്തല്‍
2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാനുള്ള റിസർവ് ബാങ്കിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്വർണമോ വെള്ളിയോ വാങ്ങുന്നതിനുള്ള കൂടുതൽ അന്വേഷണങ്ങൾ ലഭിച്ചുതുടങ്ങിയെന്ന് ജ്വല്ലറി ഷോറൂമുകള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും, 2016 ലെ നോട്ട് അസാധുവാക്കൽ കാലത്ത് കണ്ട പരിഭ്രാന്തി പിടിച്ച സ്വർണം വാങ്ങല്‍ ഇപ്പോള്‍ ഇല്ലെന്ന് ജ്വല്ലേഴ്‌സ് സംഘടനയായ ജിജെസി പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തില്‍, 2000 രൂപ നോട്ടുകൾ മാറ്റി യഥാർത്ഥ സ്വർണം വാങ്ങുന്നത് കുറവായിരുന്നു, കര്‍ക്കശമായ കെവൈസി മാനദണ്ഡങ്ങളാണ് ഇതിന് ഒരു കാരണം. ചില ജ്വല്ലറികൾ 5-10 ശതമാനം പ്രീമിയം ഈടാക്കാൻ തുടങ്ങിയതിന്‍റെ ഫലമായി 10 ഗ്രാമിന് 66,000 രൂപ വരെ അവിടെ നല്‍കേണ്ട സാഹചര്യവും ഉടലെടുത്തിട്ടുണ്ട്. .
നിലവിൽ രാജ്യത്ത് ശരാശരി സ്വർണ വില 10 ഗ്രാമിന് 60,200 രൂപയാണ്. 2000ന്‍റെ നോട്ടുകൾ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതിനുള്ള സമയപരിധിയായി റിസർവ് ബാങ്ക് നാല് മാസത്തെ സാവകാശം നല്‍കിയതും തിടുക്കപ്പെട്ടുള്ള വാങ്ങലിനെ നിരുത്സാഹപ്പെടുത്തി
മെയ് 19 ന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2,000 രൂപ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും അത്തരം നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ ബാങ്കുകളിൽ മാറ്റി വാങ്ങാനോ സെപ്റ്റംബർ 30 വരെ സമയം നൽകി. 2000 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് അടിയന്തരമായി നിർത്താൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചരക്ക് സേവന നികുതിയും (ജിഎസ്ടി) ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ (ബിഐഎസ്) ഹോള്‍മാര്‍ക്കിംഗും ജ്വല്ലറി നിർമ്മാതാക്കളെ സംഘടിതരാകാനും അധികൃതമായ രീതിയില്‍ മാത്രം ബിസിനസ്സ് നടത്താനും പ്രേരിപ്പിക്കുന്നതായി ജിജെസി ചെയര്‍മാന്‍ സായ് മെഹ്‍റ പറഞ്ഞു.
"പണമായി ഇടപാട് നടത്തുന്നതിന് വലിയ മൂല്യമുള്ള കറൻസി നോട്ടുകൾ സാധാരണയായി ആവശ്യമാണ്, എന്നാല്‍ ഇന്ത്യയിലെ ആഭരണ വ്യവസായത്തിൽ ഇത് അപ്രധാനമാകുകയാണ്. ഉപഭോക്താക്കൾ ഡിജിറ്റൽ ഫോർമാറ്റുകളിലേക്ക് കൂടുതൽ ചായ്‌വ് കാണിക്കുന്നു. അതിനാൽ, 2,000 രൂപ കറൻസി നോട്ടുകൾ പിൻവലിക്കുന്നത് ജ്വല്ലറി ബിസിനസിനെ കാര്യമായി ബാധിക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, പല ജ്വല്ലറി റീട്ടെയിലർമാരും ശനിയാഴ്ച 2,000 രൂപ നോട്ടുകൾക്ക് പകരമായി സ്വർണം വിറ്റുവെന്നും ഇതിന് പ്രീമിയം നിരക്ക് ഈടാക്കിയെന്നും വിവിധ സ്രോതസ്സുകളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രീമിയം നിരക്കിൽ സ്വർണത്തിന് പകരമായി 2000 രൂപ നോട്ടുകൾ എടുക്കുന്ന രീതി അസംഘടിത മേഖലയിൽ മാത്രം നിലനിൽക്കുന്ന ഒന്നാണെന്നും സംഘടിത ജ്വല്ലറിക്കാർ ഇത്തരം കാര്യങ്ങളിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണെന്നും പിഎൻജി ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൗരഭ് ഗാഡ്‍ഗില്‍ പറഞ്ഞു.