2 Sept 2023 12:45 PM IST
കനറാ ബാങ്കില്‍ 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജെറ്റ് എയര്‍വേസ് (ഇന്ത്യ)ലിമിറ്റഡ് ( ജെ ഐഎല്‍) സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു. മുംബൈയിലെ കേന്ദ്ര ഏജന്‍സിയുടെ ഓഫീസില്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) 74 കാരനായ ഗോയലിനെ കസ്റ്റഡിയിലെടുത്തത്.
മെയ് അഞ്ചിന് ഗോയലിന്റെ വസതിയും ഓഫീസും ഉള്‍പ്പെടെ മുംബൈയിലെ ഏഴ് സ്ഥലങ്ങളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ പിന്നാലെയാണ് ഇഡി ഗോയലിനെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്.
ജെറ്റ് എയര്‍വേയ്സിന് 848.86 കോടി രൂപ വായ്പ കനറാ ബാങ്ക് അനുവദിച്ചിരുന്നു. അതില്‍ 538.62 കോടി രൂപ കുടിശ്ശികയുള്ളതായി ബാങ്കിന്റെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കനറാ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പി സന്തോഷ് ഒപ്പിട്ട പരാതിയില്‍ അനിതാ നരേഷ് ഗോയല്‍, ഗൗരംഗ് ആനന്ദ ഷെട്ടി, മറ്റു മൂന്ന് കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരെ പരാമര്‍ശിച്ചിരുന്നു. ഇവര്‍ ബാങ്കിന് 538.62 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു പരാതി.
അക്കൗണ്ടില്‍ തട്ടിപ്പു നടന്നതായി 2021 ജൂലൈ 29 ന് സിബിഐ കണ്ടെത്തിയിരുന്നു. മൊത്തം കമ്മീഷനില്‍ 1,410.41 കോടി രൂപ ''അനുബന്ധ കമ്പനികള്‍ക്ക്'' നല്‍കിയെന്നും, അങ്ങനെ ജെറ്റ് എയര്‍വേസിന്റെ നിന്നുള്ള ഫണ്ട് തട്ടിയെടുത്തുവെന്നും ഫോറന്‍സിക് ഓഡിറ്റില്‍ തെളിഞ്ഞതായി ബാങ്ക് ആരോപിച്ചു.
ജെറ്റ് എയര്‍വേയ്സ് (ഇന്ത്യ) ലിമിറ്റഡിന്റെ സാമ്പിള്‍ കരാര്‍ പ്രകാരം, ജനറല്‍ സെല്ലിംഗ് ഏജന്റുമാരുടെ (ജിഎസ്എ) ചെലവുകള്‍ ജിഎസ്എ തന്നെ വഹിക്കണം. ജെഐഎല്‍ അല്ല വഹിക്കേണ്ടത്. ജിഎസ്എയുമായി ബന്ധമില്ലാത്ത 403.27 കോടി രൂപയുടെ വിവിധ ചെലവുകള്‍ ജെഐല്‍ നല്‍കിയതായും തെളിഞ്ഞുവെന്ന് സിബിഐ എഫ്ഐആര്‍ ആരോപിക്കുന്നു.
ഗോയല്‍ കുടുംബത്തിലെ ജീവനക്കാരുടെ ശമ്പളം, ഫോണ്‍ ബില്ലുകള്‍, വാഹനച്ചെലവ് തുടങ്ങിയ സ്വകാര്യ ചെലവുകള്‍ നല്‍കിയിട്ടുള്ളത് കമ്പനിയുടെ അക്കൗണ്ടില്‍നിന്നാണ്.
ഇതോടൊപ്പം മറ്റ് ചില ആരോപണങ്ങളും പുറത്തുവന്നു. ജെറ്റ് ലൈറ്റ് (ഇന്ത്യ) ലിമിറ്റഡ് ( ജെ എല്‍ എല്‍ ) വഴി പണം തട്ടിയെടുത്തുവെന്നാണ് ഫോറന്‍സിക് ഓഡിറ്റില്‍ കണ്ടെത്തിയത്. ജെഎല്‍എലിന് വിവിധ ചെലവുകള്‍ക്കായി ജെറ്റ് എയര്‍വേസ് 403.27 കോടി രൂപ നല്‍കുകയും അതു പിന്നീട് എഴുതിത്തള്ളുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
25 വര്‍ഷത്തെ പറക്കലിന് ശേഷം 2019 ഏപ്രിലില്‍ ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെടുകയും കനത്ത നഷ്ടം നേരിടുകയും ചെയ്തു. പുതിയ മാനേജുമെന്റിന് കീഴില്‍ വീണ്ടും പറന്നുയരാനുള്ള ശ്രമത്തിലാണ് നിലത്തിറങ്ങിയ എയര്‍ലൈന്‍.