25 March 2024 1:11 PM IST
Summary
- ഫലിപ്പീന്‍സും മലേഷ്യയും ജയ്ശങ്കര്‍ സന്ദര്‍ശിക്കും
- വ്യാപാര, പ്രതിരോധ വിഷയങ്ങള്‍ സിംഗപ്പൂര്‍ നേതാക്കളുമായി ചര്‍ച്ചചെയ്തു
- പരസ്പര പരിഗണനയുള്ള പ്രാദേശിക വിഷയങ്ങളില്‍ രാജ്യങ്ങളുമായി സഹകരിക്കും
ഇന്ത്യ സിംഗപ്പൂരുമായി ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണനുമായും മറ്റ് രണ്ട് മുതിര്‍ന്ന മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. ഇന്തോ-പസഫിക്, പശ്ചിമേഷ്യന്‍ മേഖലകളിലെ സാഹചര്യങ്ങളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
മൂന്ന് ദിവസത്തെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനാണ് ജയശങ്കര്‍ ഇവിടെയെത്തിയത്. ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത അദ്ദേഹം നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി.
ബാലകൃഷ്ണനെ കൂടാതെ, വാണിജ്യ വ്യവസായ മന്ത്രി ഗാന്‍ കിം യോങ്, മുതിര്‍ന്ന മന്ത്രിയും ദേശീയ സുരക്ഷാ ഏകോപന മന്ത്രിയുമായ ടിയോ ചീ ഹീന്‍ എന്നിവരുമായും ജയശങ്കര്‍ പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തി.
'സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയന്‍ബാലയെ കണ്ടതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി അവലോകനം ചെയ്തു. അടുത്ത ഐഎസ്എംആര്‍ മീറ്റിംഗിന്റെ ഒരുക്കങ്ങളെക്കുറിച്ച് സംസാരിച്ചു. ഞങ്ങളുടെ നയതന്ത്ര ബന്ധത്തിന്റെ 60 വര്‍ഷം ആഘോഷിക്കുന്നത് ചര്‍ച്ച ചെയ്തു,' ജയശങ്കര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
വ്യാപാരം, അര്‍ദ്ധചാലകങ്ങള്‍, ബഹിരാകാശം, ഹരിത ഊര്‍ജ്ജം, വിതരണ ശൃംഖലകള്‍, പ്രതിരോധം എന്നിവയെക്കുറിച്ച് വ്യാപാര വ്യവസായ മന്ത്രി ഗാന്‍ കിം യോങ്ങുമായി ചര്‍ച്ചനടത്തി. സിംഗപ്പൂരില്‍ നിന്ന്, ഫിലിപ്പീന്‍സും മലേഷ്യയും സന്ദര്‍ശിക്കാന്‍ ജയശങ്കര്‍ യാത്രകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
മാര്‍ച്ച് 23-27 തീയതികളിലെ സന്ദര്‍ശനം മൂന്ന് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പരസ്പര പരിഗണനയുള്ള പ്രാദേശിക വിഷയങ്ങളില്‍ ഇടപഴകുന്നതിന് അവസരമൊരുക്കുമെന്നും ജയശങ്കര്‍ പുറപ്പെടുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.