5 April 2024 7:17 AM
Summary
- ബോംബിംഗ് ലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നതിനായി എഐ ഇസ്രയേല്‍ ഉപയോഗപ്പെടുത്തുന്നു എന്നായിരുന്നു വാര്‍ത്ത
- ഇത് പരിശോധിക്കുമെന്ന് യുഎസ് വ്യക്തമാക്കി
- എഐ സംവിധാനങ്ങള്‍ ടാര്‍ഗെറ്റ് തിരിച്ചറിയല്‍ പ്രക്രിയയിലെ വിശകലന വിദഗ്ധര്‍ക്കുള്ള ഉപകരണങ്ങള്‍ മാത്രമാണെന്ന് ഇസ്രയേല്‍
ഗാസയിലെ ബോംബിംഗ് ലക്ഷ്യങ്ങള്‍ തിരിച്ചറിയാന്‍ ഇസ്രയേല്‍ സൈന്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്ന് യുഎസ്. കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം യുഎസ് പരിശോധിച്ചിട്ടില്ലെന്ന്
വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി വിശദീകരിച്ചു. ഇസ്രായേല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്.
സംശയിക്കുന്ന തീവ്രവാദികളെയും ലക്ഷ്യങ്ങളെയും തിരിച്ചറിയാന്‍ എഐ ഉപയോഗിച്ചതായി റിപ്പോര്‍ട്ടു പറയുന്നു. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് നിഷേധിച്ചു.
'ഐഡിഎഫ് തീവ്രവാദി പ്രവര്‍ത്തകരെ തിരിച്ചറിയുന്നതിനോ ഒരു വ്യക്തി തീവ്രവാദിയാണോ എന്ന് പ്രവചിക്കുന്നതിനോ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിക്കുന്നില്ല. വിവര സംവിധാനങ്ങള്‍ ടാര്‍ഗെറ്റ് തിരിച്ചറിയല്‍ പ്രക്രിയയിലെ വിശകലന വിദഗ്ധര്‍ക്കുള്ള ഉപകരണങ്ങള്‍ മാത്രമാണ്,' ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
ഐഡിഎഫ് നിര്‍ദ്ദേശങ്ങള്‍ സ്വതന്ത്ര പരീക്ഷകള്‍ നടത്താന്‍ അനലിസ്റ്റുകളെ നിര്‍ബന്ധിക്കുന്നു. അതില്‍ തിരിച്ചറിഞ്ഞ ടാര്‍ഗെറ്റുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഇസ്രയേലി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി പാലിക്കുന്നുണ്ടെന്ന് അവര്‍ പരിശോധിക്കുന്നു.
കൂടുതല്‍ മാനുഷിക സഹായം അനുവദിക്കുന്നതിനായി ഗാസയുമായുള്ള എറെസ് ക്രോസിംഗ് തുറക്കുന്നതു സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ ചര്‍ച്ച നടത്തി.
ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ മരണം വര്‍ധിക്കുന്നത് എഐയുടെ ഉപയോഗം കൊണ്ടാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ചിലപ്പോള്‍ ലക്ഷ്യം തെറ്റി മിസൈലുകള്‍ സാധാരണക്കാര്‍ക്കു നേരെ പതിക്കുന്നത് ഇതിനാലാകുമെന്ന് ആരോപണവുമുയര്‍ന്നു.
അതേസമയം മേഖലയിലെ സംഘര്‍ഷത്തില്‍ അയവുവന്നില്ലെങ്കില്‍ ആഗോള എണ്ണവ്യാപാരത്തില്‍ ഇനിയും വിലവര്‍ധന ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍ . കൂടാതെ യൂറോപ്പുമായുള്ള ഏഷ്യയുടെ വ്യാപാരവും ഹൂതികളുടെ ആക്രമണത്താനല്‍ തടസപ്പെടും.