image

18 March 2024 5:26 PM IST

News

ഗാസ വെടിനിര്‍ത്തല്‍; ഇസ്രയേല്‍ ഖത്തറില്‍ ചര്‍ച്ച നടത്തിയേക്കും

MyFin Desk

ഗാസ വെടിനിര്‍ത്തല്‍; ഇസ്രയേല്‍  ഖത്തറില്‍ ചര്‍ച്ച നടത്തിയേക്കും
X

Summary

  • ഇതിനുമുമ്പ് യുഎസ് ഉള്‍പ്പെട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു
  • ഇനിയും 130 ബന്ദികള്‍ പാലസ്തീനിലുള്ളതായി ഇസ്രയേല്‍
  • സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് നെതന്യാഹു


ഇസ്രയേല്‍ ഇന്റലിജന്‍സ് മേധാവി, ഖത്തര്‍ പ്രധാനമന്ത്രി, ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ദോഹയില്‍ വെച്ച് ഗാസ ഉടമ്പടി, ബന്ദി കൈമാറ്റ ഇടപാട് എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയ, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ഈജിപ്ഷ്യന്‍ പ്രതിനിധികള്‍ എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച വൈകി നടക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

റമദാനില്‍ ഹമാസും ഇസ്രയേലും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഖത്തര്‍, യുഎസ്, ഈജിപ്ഷ്യന്‍ മധ്യസ്ഥര്‍ ഉള്‍പ്പെട്ട ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. അതിനുശേഷമുള്ള ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ വഴിതുറക്കുന്നത്.

ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ റോക്കറ്റാക്രമണത്തെത്തുടര്‍ന്നാണ് പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ഹമാസിനെ നശിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രതിജ്ഞയെടുത്തു.

ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരില്‍ ഇനിയും 130 പേര്‍ അവശേഷിക്കുന്നതായി ഇസ്രയേല്‍ കരുതുന്നു. ഇവരെ വിട്ടുകിട്ടുക എന്നതാണ് പ്രധാനം. പാലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മുപ്പതിനായിരത്തില്‍പരം പേര്‍ കൊല്ലപ്പെട്ടതായി അവര്‍ പറയുന്നു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായുള്ള വാര്‍ത്താ സമ്മേളനത്തില്‍, ഇസ്രയേലിനെ ദുര്‍ബലപ്പെടുത്തുകയും ശത്രുക്കള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ കഴിയാതെ വിടുകയും ചെയ്യുന്ന ഗാസ സമാധാന ഉടമ്പടി അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

മുമ്പ് ഇസ്രായേല്‍ പൂര്‍ണമായി പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്ന ഹമാസ്, തടവുകാരെ കൈമാറുന്നതിന് മുമ്പ് ഭാഗികമായി ഇസ്രയേല്‍ പിന്‍വാങ്ങല്‍ നടത്തുമെന്ന് സൂചിപ്പിച്ചു.എന്നാല്‍ ഇതുസംബന്ധിച്ച് ഇസ്രയേലിന്റെ പ്രതികരണം ഉണ്ടായിട്ടില്ല.