image

8 April 2024 10:46 AM IST

News

പ്രതിഷേധം കനക്കുന്നു; തെക്കന്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍ പിന്മാറുന്നു

MyFin Desk

israel now to rafah
X

Summary

  • ആഭ്യന്തര, ആഗോളതലതലത്തില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം കനക്കുന്നു
  • കെയ്‌റോ സംഭാഷണങ്ങളില്‍ നിര്‍ണായക പുരോഗതി ഉണ്ടാകാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍
  • അതേസമയം പിന്മാറ്റം സൈനികര്‍ക്കുള്ള വിശ്രമം ഉദ്ദേശിച്ചെന്നും ആരോപണം


തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസില്‍ നിന്ന് സൈന്യത്തെ ഇസ്രയേല്‍ പിന്‍വലിക്കുന്നു. ഇസ്രയേലില്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം കനക്കുകയും ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. വിമതഗ്രൂപ്പായ ഹമാസിനെതിരായ കര ആക്രമണത്തിന്റെ ഒരു പ്രധാന ഘട്ടം പൂര്‍ത്തിയാതായാണ് ടെല്‍ അവീവ് പറയുന്നത്. എന്നാല്‍ ഹമാസിന്റെ അവസാന ശക്തികേന്ദ്രമായ റാഫയിലേക്ക് നീങ്ങാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമാണിതെന്നും കരുതുന്നു. യുദ്ധം തുടരുകയാണെന്ന് സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു.

റാഫയെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണെന്നും ഈ പ്രക്രിയയ്ക്ക് സമയം എടുക്കുമെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

എന്നാല്‍ ഈ പിന്‍വാങ്ങല്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെയിലെ ഒരു നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

എന്നാല്‍ ചില നിര്‍ണായക കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈനികര്‍ തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങളുടെ കൂന മാത്രമായ പ്രദേശങ്ങളിലേക്ക് ചിലര്‍ മടങ്ങുന്നുണ്ട്. തെക്കന്‍ ഗാസയിലെ പ്രധാന ആശുപത്രിയായ നാസറും തകര്‍ന്നിട്ടിട്ടുണ്ട്.

സമീപത്തെ റാഫയില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ ആഴ്ചകളായി പറയുന്നുണ്ട്. ഗാസയിലെ ജനസംഖ്യയുടെ പകുതിയിലധികം ആളുകള്‍ക്ക് ഈ നഗരം അഭയം നല്‍കുന്നു. ഇസ്രയേലിനെതിരായ ആഗോള സമ്മര്‍ദ്ദം ഇപ്പോള്‍ പ്രഖ്യാപിച്ച നിയന്ത്രിത പിന്മാറ്റത്തിലൂടെ കുറക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ കരുതുന്നു.

വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി റാഫ ആക്രമണത്തോടുള്ള യുഎസിന്റെ എതിര്‍പ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഭാഗികമായ പിന്മാറ്റം സൈനികര്‍ക്കുള്ള വിശ്രമം ഉദ്ദേശിച്ചുമാത്രമാണെന്ന് യുഎസ് കരുതുന്നു. അതേസമയം യുദ്ധത്തില്‍ തകര്‍ന്ന വടക്കന്‍ ഗാസയില്‍ നിശബ്ദമായി സൈന്യത്തെ ഇസ്രയേല്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫ ഉള്‍പ്പെടെ ഹമാസ് വീണ്ടും ഉയര്‍ന്നുവന്നതായി പറയുന്ന പ്രദേശങ്ങളില്‍ വ്യോമാക്രമണങ്ങളും റെയ്ഡുകളും അത് തുടരുകയാണ്.

യുദ്ധം നീണ്ടുപോകുന്നത് ഇസ്രയേലില്‍ പ്രതിഷേധം വര്‍ധിപ്പിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി വെടിനിര്‍ത്തല്‍ തുടരുന്നതിനുള്ള ചര്‍ച്ചകള്‍ കെയ്റോയില്‍ ആരംഭിക്കുകയാണ്. അതിനാല്‍ ഇസ്രയേല്‍ സൈനിക പിന്മാറ്റത്തിന് പ്രാധാന്യമേറെയാണ്.