30 Oct 2023 11:59 AM
Summary
പ്രകൃതി വാതകം, എണ്ണ തുടങ്ങിയ ലോകത്തിന്റെ ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് പശ്ചിമേഷ്യ
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയിലേക്ക് വ്യാപിച്ചാല്‍ ആഗോള വളര്‍ച്ചയെ ബാധിക്കുമെന്നു ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ ഇവേല പറഞ്ഞു.
പ്രകൃതി വാതകം, എണ്ണ തുടങ്ങിയ ലോകത്തിന്റെ ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് പശ്ചിമേഷ്യ. ഈ ഊര്‍ജ്ജം ലോകമെമ്പാടും വന്‍തോതില്‍ ഉപയോഗിച്ചു വരുന്നുണ്ട്. അതിനാല്‍ പശ്ചിമേഷ്യയിലേക്കു സംഘര്‍ഷം വ്യാപിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം ആഗോള വ്യാപാരത്തിലും, ആഗോള വളര്‍ച്ചയിലും ഉണ്ടാകുമെന്നും ഡബ്ല്യുടിഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
ഇസ്രായേല്‍-ഹമാസ് യുദ്ധം എണ്ണ വില ഉയരാന്‍ കാരണമാകും അതോടൊപ്പം പ്രധാന വ്യാപാര ഇടനാഴികളിലൂടെയുള്ള ചരക്കുനീക്കം തടസപ്പെടുകയും ചെയ്യും. അത്തരം സാഹചര്യം ആഗോള സമ്പദ് വ്യവസ്ഥയ്ക്കു ദോഷം ചെയ്യും.
ആഗോള ഉല്‍പ്പാദനത്തില്‍ മാന്ദ്യമുണ്ടായതിനെ തുടര്‍ന്നു ഡബ്ല്യുടിഒ 2023-ലെ വ്യാപാര വളര്‍ച്ചാ പ്രവചനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
ഒക്‌ടോബര്‍ 7ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണമാണ് ഇസ്രായേലിനെ സൈനിക നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഹമാസ് നടത്തിയ ആക്രമണത്തില്‍ അമേരിക്കക്കാരുള്‍പ്പെടെ 1,400 പേരാണു കൊല്ലപ്പെട്ടത്. 240 ഓളം പേരെ പിടികൂടി ഗാസയിലേക്ക് ബന്ദികളാക്കുകയും ചെയ്തിരുന്നു.