17 Aug 2023 11:30 AM
പ്രീമിയം 5 ലക്ഷത്തിന് മുകളിലാണെങ്കിൽ, ഇനി മുതല്‍ മച്യൂരിറ്റി തുകയ്ക്ക് നികുതിയിളവ് ഇല്ല
MyFin Desk
Summary
- യുലിപ് (യൂണിറ്റ് ലിങ്ക്ഡ് പോളിസി) ഒഴികെയുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പുതിയ നിയമം ബാധകമാണ്.
ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ മച്യൂരിറ്റി തുകയ്ക്ക് ലഭിക്കുന്ന നികുതിയിളവുകളില്‍ മാറ്റം വരുത്തി കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്- സിബിഡിറ്റി). ഒന്നോ, ഒന്നിലധികമോ ലൈഫ് ഇന്‍ഷുറന്‍സുകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം നല്‍കുന്ന പ്രീമിയം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ മച്യൂരിറ്റി തുകയ്ക്ക് നികുതി നല്‍കണം. 2023 ഏപ്രില്‍ ഒന്നിനുശേഷം വാങ്ങിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കാണ് പുതിയ നിയമം ബാധകമാകുന്നത്.
യുലിപ് (യൂണിറ്റ് ലിങ്ക്ഡ് പോളിസി) ഒഴികെയുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പുതിയ നിയമം ബാധകമാണ്. 2023 ലെ ബജറ്റില്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ മച്യൂരിറ്റി തുകയ്ക്ക് നികുതി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.സിബിഡിറ്റിയുടെ 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10 (10ഡി) ഭേദഗതി ചെയ്താണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഈ സെക്ഷന്‍ പ്രകാരം ഇതുവരെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ മച്യൂരിറ്റി തുകയ്ക്ക് ബോണസ് അടക്കം നികുതിയില്ലായിരുന്നു.
ഒന്നിലധികം പോളിസികളുള്ളവര്‍ക്ക് മൊത്തം പ്രീമിയം കണക്കാക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപയില്‍ കൂടുതലുണ്ടെങ്കില്‍ എല്ലാ പോളിസികളില്‍ നിന്നുമുള്ള മച്യൂരിറ്റി തുകയ്ക്ക് നികുതി നല്‍കേണ്ടി വരും. പുതിയ നിര്‍ദ്ദേശം അനുസരിച്ച് പോളിസി ഉടമ മരിച്ചാല്‍ നികുതി നല്‍കേണ്ടതില്ല. യുലിപ്പിന്റെ കാര്യത്തില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം രൂപയ്ക്ക് മുകളിലാണ് 2022 ഫെബ്രുവരി ഒന്നു മുതല്‍ പ്രീമിയം നല്‍കുന്നതെങ്കില്‍ മച്യൂരിറ്റി തുകയ്ക്ക് നികുതി നല്‍കണം.