image

25 Oct 2023 2:58 PM GMT

News

സി എസ് ബി ബാങ്ക് കേരളത്തിൽ ഗോൾഡ് ലോൺ കമ്പനിയോ !

C L Jose

csb bank is a gold loan company in kerala
X

Summary

സി എസ് ബി ബാങ്ക് കേരളത്തിൽ നൽകിയ വായ്പ്പകളിൽ 65 ശതമാനത്തോളം സ്വര്‍ണ വായ്പകളാണ്


കേരളത്തില്‍ നിന്നുള്ള മറ്റൊരു സ്വര്‍ണ വായ്പാ സ്ഥാപനമാണോ സിഎസ്ബി ബാങ്ക്?

ചോദ്യം അല്‍പ്പം കൗതുകകരമാണെങ്കിലും കണ്ടെത്തലുകള്‍ രസകരമാണ്. സിഎസ്ബി ബാങ്കിന്റെ കേരളത്തിലെ വായ്പാ പോര്‍ട്ട്‌ഫോളിയോയില്‍ 65 ശതമാനത്തോളം സ്വര്‍ണ വായ്പകളാണ്. എന്നാല്‍, രാജ്യത്തെ പ്രമുഖ സ്വര്‍ണ പണയ കമ്പനികളിലൊന്നായ മണപ്പുറം ഫിനാന്‍സിന്റെ വായ്പാ ബുക്കില്‍ സ്വര്‍ണ വായ്പകള്‍ സിഎസ് ബി ബാങ്കിനേക്കാൾ വളരെ കുറവാണ് താനും.

തൃശ്ശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിന്റെ സ്വര്‍ണ്ണ വായ്പാ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോൾ, അവർ ഈ മേഖലയിൽ മണപ്പുറം ഫിനാന്‍സിനെക്കാള്‍ അര്‍പ്പണബോധത്തോടെ പ്രവർത്തിക്കുന്ന പ്രതീതിയാണ് നൽകുന്നതെന്ന് മറ്റൊരു സ്വര്‍ണ വായ്പാ കമ്പനിയുടെ ഉദ്യോഗസ്ഥന്റെ രസകരമായ പ്രതികരണം. .

മണപ്പുറം സ്വര്‍ണ്ണ വായ്പ 55%

മണപ്പുറത്തിന്റെ (ഇന്ത്യ മുഴുവന്‍) ജൂൺ വരെയുള്ള സ്വര്‍ണ്ണ വായ്പാ പോര്‍ട്ട്‌ഫോളിയോ 20,603.2 കോടി രൂപയാണ്. കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) 37,086 കോടി രൂപയുമാണ് ഈ വര്‍ഷം ജൂണ്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം. അങ്ങനെ നോക്കുമ്പോള്‍ സ്വര്‍ണ്ണ വായ്പ 55.55 ശതമാനത്തോളമെ വരു.

സിഎസ്ബി ബാങ്കിന്റെ കേരളത്തിലെ നിലവിലുള്ള സ്വര്‍ണ്ണ വായ്പകള്‍ 3,504.27 കോടി രൂപയാണ്. ഇത് സെപ്റ്റംബര്‍ അവസാനം വരെയുള്ള കേരളത്തിലെ മൊത്തം വായ്പകളുടെ 65 ശതമാനത്തോളം വരും.

ബാങ്കിന് 10,619 കോടി രൂപയുടെ മൊത്തം സ്വര്‍ണ്ണ വായ്പകളാണുള്ളത്. അതില്‍ 33 ശതമാനവും കേരളത്തിലാണെന്നാണ് ബാങ്കിന്റെ നിക്ഷേപക അവതരണത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ബാങ്കിന്റെ മൊത്തം വായ്പയുടെ 24 ശതമാനവും കേരളത്തിലാണ് നൽകിയതെന്ന് ബാങ്ക് നിക്ഷേപക അവതരണത്തിൽ പറഞ്ഞു.

സെപ്റ്റംബര്‍ 30 വരെയുള്ള ബാങ്കിന്റെ മൊത്തം വായ്പ 22,468 കോടി രൂപയുടേതാണ്. എന്നാൽ കേരളത്തിൽ നൽകിയിട്ടുള്ള വായ്‌പ്പ വെറും 5,392.32 കോടി രൂപയും. അപ്പോള്‍ കേരളത്തിലെ 3,504.27 കോടി രൂപയുടെ സ്വര്‍ണ വായ്പകള്‍ കേരളത്തിലെ മൊത്തത്തിലുള്ള വായ്പയുടെ ഏറ്റവും വലിയ ഭാഗം മാത്രമല്ല, അത് സെപ്റ്റംബർ 30 വരെയുള്ള മൊത്തം വായ്പാ പോര്‍ട്ട്‌ഫോളിയോയുടെ 65 ശതമാനവും വരും.

ഡെപ്പോസിറ്റ് മാര്‍ക്കറ്റ്

കേരളം ആസ്ഥാനമായുള്ള മിക്ക ബാങ്കുകളും സംസ്ഥാനത്തെ ഒരു നിക്ഷേപ വിപണിയായാണ് കാണുന്നത്. ഇക്കാര്യത്തില്‍ സിഎസ്ബി ബാങ്കിന്റെ സ്ഥാനം കൂടുതല്‍ പ്രകടമാണ്. രാജ്യത്തെ മൊത്തം വായ്പയുടെ 24 ശതമാനം മാത്രമാണ് കേരളത്തിലെ ബാങ്കിന്റെ വായ്പകള്‍. എന്നാല്‍ ബാങ്കിന്റെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ 53 ശതമാനത്തോളം സംസ്ഥാനത്തു നിന്നുമാണ് ബാങ്ക് സമാഹരിച്ചത്. ഇത് കുറഞ്ഞ ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതത്തിന് കാരണായി. ക്രെഡിറ്റ് -ഡെപ്പോസിറ്റ് അനുപാതം 40 ശതമാനമാണ്. കേരളം ആസ്ഥാനമായുള്ള ബാങ്കുകള്‍ സംസ്ഥാനത്തിനകത്ത് നിലനിര്‍ത്തുന്ന കുറഞ്ഞ ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതത്തെക്കുറിച്ച് ആര്‍ബിഐ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.