24 Nov 2024 5:31 AM GMT
ഐപിഎല്‍ മെഗാ താരലേലത്തിന് ഇന്ന് തുടക്കമാകും. ഇന്നും നാളെയുമായി ജിദ്ദയിലാണ് ലേലം. 1254 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 10 ടീമുകളിലായി താരലേലത്തില്‍ അവസരം കിട്ടുക 70 വിദേശികള്‍ അടക്കം 204 താരങ്ങള്‍ക്കാണ്. രണ്ട് കോടി രൂപയാണ് ഉയര്‍ന്ന അടിസ്ഥാന വില. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 27 താരങ്ങളും ഒന്നേകാല്‍ കോടി അടിസ്ഥാന വിലയുള്ള 18 താരങ്ങളും ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 23 താരങ്ങളുമുണ്ട്. 10 ടീമുകള്‍ക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്. ലേലത്തിലെ ഏറ്റവും വിലയേറിയ താരം ആരായിരിക്കുമെന്ന് കാത്തിരിക്കുകയാണ് കായികലോകം.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് താരലേലത്തിലെ സൂപ്പര്‍ താരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 25 മുതല്‍ 30 കോടി വരെ പന്തിന് ലഭിച്ചേക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. ഓരോ ദിവസവും ലേലം രണ്ട് ഘട്ടമായി 3.30 മുതല്‍ 5 വരെയും, 5.45 മുതല്‍ രാത്രി 10.30 വരെയുമാണ് ലേലം നടക്കുക.
കെ എല്‍ രാഹുല്‍, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചെഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജോസ് ബട്ട്‌ലര്‍, ജോഫ്രര്‍ച്ചര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, കഗീസോ റബാദ തുടങ്ങിയവരാണ് ലേലത്തിനെത്തുന്നവരില്‍ പ്രധാനികള്‍. ലേലം ഉച്ചയ്ക്ക് 2.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ സിനിമാ ആപ്പിലും തത്സമയം കാണാം.