image

18 Aug 2023 10:41 AM GMT

Technology

വേഗതകൂടിയ ചാര്‍ജിംഗുമായി ഐഫോണ്‍ 15 സീരീസ്

MyFin Desk

iphone 15 series with fast charging
X

Summary

  • വേഗതയേറിയ ചാര്‍ജിംഗ് ഏതെല്ലാം മോഡലുകളില്‍ ഉണ്ടെന്ന് വ്യക്തമല്ല
  • ഐഫോണ്‍ 14 പ്രോ, പ്രോ മാക്‌സ് എന്നിവക്ക് 27 വാട്ട്‌സ് ചാര്‍ജിംഗ് നിലവിലുണ്ട്


ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് പുറത്തിറക്കാന്‍ അവശേഷിക്കുന്നത് ഇനി ഒരു മാസത്തില്‍ താഴെ മാത്രം. ലോഞ്ചിംഗിനു മുന്നോടിയായി നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഫോണിന്റെ ചാര്‍ജിംഗ് സ്പീഡ് ഈ സീരീസില്‍ കൂട്ടുമെന്ന് കരുതുന്നു.

ഐഫോണ്‍ 15 സീരീസിലെ ചില മോഡലുകളിലെങ്കിലും 35 വാട്ട് വരെയുള്ള മെച്ചപ്പെട്ട ചാര്‍ജിംഗ് വേഗത അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 15 സീരീസില്‍ നാല് മോഡലുകളാകും ഐഫോണ്‍ അവതരിപ്പിക്കുക. മെച്ചപ്പെട്ട ചാര്‍ജിംഗ് വേഗത എല്ലാമോഡലുകളിലും ഉണ്ടാകുമോ അതോ രഞ്ഞെടുക്കുപ്പെട്ടവയില്‍ മാത്രമായി നിര്‍ത്തുമോ എന്ന കാര്യം വ്യക്തമല്ല.

ആപ്പിളിന്റെ മുന്‍കാല സമ്പ്രദായങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അവര്‍ തെരഞ്ഞെടുത്ത മോഡലുകളില്‍ ചാര്‍ജിംഗ് വേഗത നിലനിര്‍ത്താനാണ് സാധ്യത. വരും വര്‍ഷങ്ങളില്‍മാത്രം നോണ്‍-പ്രോ മോഡലുകളിലേക്ക് സൗകര്യം വര്‍ധിപ്പിക്കാനാകും കമ്പനി തീരുമാനിക്കുക.

നിലവില്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, എന്നിവ 20വാട്ട്‌സ് ചാര്‍ജിംഗ് വേഗതയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവക്ക് 27 വാട്ട്‌സ് ചാര്‍ജിംഗ് കഴിവാണ് ഉള്ളത്.

ഈ വര്‍ഷം യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകളിലേക്കുള്ള പരിവര്‍ത്തനത്തിനൊപ്പം വേഗത്തിലുള്ള ചാര്‍ജിംഗും അവതരിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു എന്ന് സൂചിപ്പിക്കുന്ന മുന്‍വാര്‍ത്തകളെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണങ്ങള്‍ കാരണമാണ് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകളിലേക്ക് ആപ്പിള്‍ മാറുന്നത്. ഇത് വരാനിരിക്കുന്ന ഐഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ്.

എന്നാല്‍ 35 വാട്ട്‌സ് ചാര്‍ജിംഗ് വേഗത ചില ആന്‍ഡ്രോയിഡ് ഫോണുകളുടെ മികവുമായി പൊരുത്തപ്പെടുന്നില്ല. എങ്കിലും ആപ്പിള്‍ നിലവിലുള്ള പരിധികളെ മറികടക്കുന്നു എന്നത് പ്രധാന വസ്തുത തന്നെയാണ്.

ആപ്പിളിന്റെ അടുത്ത എതിരാളിയായ സാംസങ് ഗാലക്സി എസ് 23-ന് 25വാട്ട്‌സും ഗാലക്സി എസ് 23+, ഗാലക്സി എസ് 23 അള്‍ട്രാ എന്നിവയ്ക്ക് 45 വാട്ട് ചാര്‍ജിംഗ് വേഗതയുമാണ് കമ്പനി അവകാശപ്പെടുന്നത്.

ഐഫോണ്‍ 15 സീരീസിലെ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടില്‍ തണ്ടര്‍ബോള്‍ട്ട് പിന്തുണയും ഉള്‍പ്പെടുത്തിയേക്കാമെന്ന് സമീപകാല ചോര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. ഈ മാറ്റം 40 മടങ്ങ് വേഗത്തില്‍ ഡാറ്റാ കൈമാറ്റത്തിന് കാരണമാകും.