21 Feb 2025 8:49 AM GMT
ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് തുടക്കമായി. കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ഓൺലൈൻ വഴി ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലും കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ജയന്ത് ചൗധരി തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി, ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ അദേൽ ഫഖ്‌റോ തുടങ്ങിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി, സി.ഐ.ഐ പ്രസിഡന്റായ ഐടിസി ലിമിറ്റഡ് ചെയർമാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് പുരി, അദാനി പോർട്ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി എന്നിവര്‍ ചടങ്ങില്‍ പ്രത്യേക പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതവും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു.
രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ 26 രാജ്യങ്ങളുടെ പ്രതിനിധികളും സംരംഭകരുമുള്‍പ്പെടെ 3000 പേര്‍ പങ്കെടുക്കും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലയിലെ കരകൗശല സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ പ്രദര്‍ശനവും ഉച്ചകോടിയിലുണ്ടാകും. മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ട് ദിവസങ്ങളിലുടനീളം ഉച്ചകോടിയില്‍ പങ്കെടുക്കും.