12 Sep 2023 9:33 AM GMT
ഇന്‍ഷുറന്‍സ് അനിവാര്യമാണ്, പക്ഷേ 71 ശതമാനം പേരും പോളിസി എടുത്തിട്ടില്ല; എസ്ബിഐ ലൈഫ് പഠനം
MyFin Desk
Summary
- ആസ്തി വകയിരുത്തിയാണ് 52 ശതമാനത്തോളം കുടുംബങ്ങളും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നത്.
കൊച്ചി:സാമ്പത്തിക സുരക്ഷക്ക് ഇന്‍ഷുറന്‍സ് അനിവാര്യമാണെന്ന് ഇന്ത്യയിലെ ഇന്‍ഷൂര്‍ ചെയ്യാത്ത 71 ശതമാനം പേരും കരുതുന്നതായി എസ്ബിഐ ലൈഫ്. ഇന്‍ഷുറന്‍സ് ഉള്ളതിൽ 83 ശതമാനം പേരും തങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്ക് ഇന്‍ഷുറന്‍സ് അനിവാര്യമാണെന്നാണ് വിശ്വസിക്കുന്നതായും എസ്ബിലൈ ലൈഫിന്റെ ഫിനാന്‍ഷ്യല്‍ ഇമ്യൂണിറ്റി സ്റ്റഡി 3.0 വ്യക്തമാക്കുന്നു.
ചികിത്സ ചെലവുകളെക്കാള്‍ ആളുകള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത് ഉയരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവുമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സുരക്ഷയ്ക്ക് ഇന്‍ഷുറന്‍സ് മുഖ്യമാണെന്ന് 80 ശതമാനം ഉപഭോക്താക്കളും കരുതുന്നു.
. ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ആവശ്യമായ പരിരക്ഷ അത് നല്‍കുന്നില്ല എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം . വിവിധ വരുമാന സ്രോതസുകള്‍ കണക്കാക്കിയാണ് രാജ്യത്തെ 37 ശതമാനം പേരും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നത്. രണ്ടാമത് ഒരു വരുമാനം വഴി സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം എന്ന് കരുതുന്നവര്‍ 41 ശതമാനമാണ്. ആസ്തി വകയിരുത്തിയാണ് 52 ശതമാനത്തോളം കുടുംബങ്ങളും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നത്. തൊഴില്‍ ദാതാക്കള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസികളെ ആശ്രയിക്കുന്നവര്‍ 80 ശതമാനത്തോളം പേരാണ്. ഉപഭോക്താക്കളില്‍ 68 ശതമാനത്തോളം ആളുകള്‍ തങ്ങള്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് ഉണ്ടെന്നു വിശ്വസിക്കുമ്പോഴും വെറും ആറു ശതമാനം പേര്‍ക്കു മാത്രമാണ് പര്യാപ്തമായ പരിരക്ഷയുള്ളതെന്നും പഠനം വ്യക്തമാക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നായ എസ്ബിഐ ലൈഫ് തങ്ങളുടെ സമഗ്ര ഉപഭോക്തൃ പഠനത്തിന്റെ മൂന്നാം പതിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ ഉടനീളമായി 41 പട്ടണങ്ങളില്‍ അയ്യായിരത്തോളം പേരില്‍ നിന്നാണ് പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. ആര്‍ക്കും ഉപയോഗിക്കാവുന്ന ഫിനാന്‍ഷ്യല്‍ ഇമ്യൂണിറ്റി കാല്‍ക്കുലേറ്ററും എസ്ബിഐ ലൈഫ് പുറത്തിറക്കിയിട്ടുണ്ട്.