15 Jan 2025 4:01 PM GMT
‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സര്‍വ്വീസ് വ്യവസായ മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ എൻ ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, കൊഎംആർഎൽ എംഡി ലോകനാഥ് ബെഹ്‌റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നാളെ രാവിലെ മുതൽ ആലുവ എയർപോർട്ട് റൂട്ടിലും കളമശേരി റൂട്ടിലും സർവ്വീസ് ലഭ്യമായിരിക്കും. തുടർന്ന് ഘട്ടം ഘട്ടമായി മറ്റ് റൂട്ടുകളിലും സർവ്വീസ് ആരംഭിക്കും. എയർപോർട്ട് റൂട്ടിൽ തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളിൽ 30 മിനിറ്റും ഇടവിട്ട് സർവ്വീസുകൾ ഉണ്ടാകും. രാവിലെ 6.45 മുതൽ സർവ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയർപോർട്ടിൽ നിന്ന് ആലുവയിലേക്കുള്ള അവസാന സർവ്വീസ്. കളമശേശരി-മെഡിക്കൽ കോളെജ് റൂട്ടിൽ 30 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെയാണ് സർവ്വീസ്.
ആലൂവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളേജ്, ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍,കടവന്ത്ര-കെ പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്ര പാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.
ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് നിരക്ക്. 33 സീറ്റുകളാണ് ബസിലുള്ളത്. ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയാണ് ടിക്കറ്റിംഗ്. ക്യാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്‌മെന്റ് നടത്താം.