image

31 Dec 2024 6:41 AM GMT

News

ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ആസ്‌തി 931 കോടി..! 31 മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 1,630 കോടി

MyFin Desk

Indias richest Chief Minister Chandrababu Naidu, assets worth Rs 931 crore
X

ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങള്‍ പുറത്തുവിട്ട് ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷന്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവാണ് പട്ടികയില്‍ ഒന്നാമത്. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. 332 കോടി ആസ്തിയുള്ള അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ്‌ പട്ടികയിൽ രണ്ടാമൻ. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മൂന്നാമത്. 51 കോടിയിലധികമാണ് സിദ്ധരാമയ്യയുടെ ആസ്തി.15.38 ലക്ഷം രൂപയുടെ ആസ്തിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് പട്ടികയില്‍ അവസാനത്തെയാള്‍. ഏറ്റവും കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമതാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. 1.18 കോടിയാണ് മുഖ്യമന്ത്രിയുടെ ആസ്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് മുഖ്യമന്ത്രിമാര്‍ക്ക് 50 കോടിയോ അതില്‍ കൂടുതലോ ആസ്തിയുണ്ട്, ഒമ്പത് പേര്‍ക്ക് 11 കോടിക്കും 50 കോടിക്കും ഇടയില്‍ ആസ്തിയുണ്ടെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. സംസ്ഥാന അസംബ്ലികളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഓരോ മുഖ്യമന്ത്രിയുടെയും ശരാശരി ആസ്‌തി 52.59 കോടി രൂപയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ ആകെയുള്ള 31 മുഖ്യമന്ത്രിമാരുടെ മൊത്തം ആസ്‌തി 1630 കോടി രൂപയോളം വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും 31 മുഖ്യമന്ത്രിമാരില്‍ 10 പേരും ബിരുദധാരികളാണ്, രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് ഡോക്ടറേറ്റ് ബിരുദമുണ്ട്. ആറ് മുഖ്യമന്ത്രിമാര്‍ 71 നും 80 നും ഇടയില്‍ പ്രായമുള്ളവരാണെന്നും 12 പേര്‍ 51 നും 60 നും ഇടയില്‍ പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രിമാര്‍

എന്‍. ചന്ദ്രബാബു നായിഡു (ആന്ധ്രപ്രദേശ്) -931.83 കോടി

പേമ ഖണ്ഡു (അരുണാചല്‍ പ്രദേശ്) -332.56 കോടി

സിദ്ധരാമയ്യ (കര്‍ണാടക) -51.93 കോടി

നെഫ്യു റിയോ (നാഗലാന്‍ഡ്) -46.95 കോടി

മോഹന്‍ യാദവ് (മധ്യപ്രദേശ്) -42.04 കോടി

കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാര്‍

മമതാ ബാനര്‍ജി (പശ്ചിമ ബംഗാള്‍) -15.38 ലക്ഷം

ഒമര്‍ അബ്ദുല്ല (ജമ്മു കശ്മീര്‍) -55.24 ലക്ഷം

പിണറായി വിജയന്‍ (കേരളം) -1.18 കോടി

ആതിഷി (ഡല്‍ഹി) -1.41 കോടി

ഭജന്‍ ലാല്‍ ശര്‍മ (രാജസ്ഥാന്‍) -1.46 കോടി