image

2 Sep 2023 5:41 AM GMT

News

ഫോറെക്‌സ് കരുതല്‍ ശേഖരത്തില്‍ 30 മില്യണ്‍ന്റെ ഇടിവ്

MyFin Desk

Foreign Exchange Reserves | rbi
X

Summary

  • ആഗോള പ്രതിസന്ധികള്‍ മൂലമുണ്ടായ സമ്മര്‍ദ്ദം മറികടക്കുന്നതിന് കരുതല്‍ ധനം ചെലവഴിച്ചു
  • സ്വര്‍ണശേഖരത്തില്‍ വര്‍ധന


ഓഗസ്റ്റ് 25ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ശേഖരം 30 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 594.858 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ മൊത്തം കരുതല്‍ ശേഖരത്തില്‍ 7.273 ബില്യണ്‍ ഡോളറിന്റെ കുറവാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

2021 ഒക്ടോബറില്‍, രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളര്‍ എന്ന നിലയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആഗോള പ്രതിസന്ധികള്‍ മൂലമുണ്ടായ സമ്മര്‍ദ്ദം വളരെ വലുതായിരുന്നു. ഈ സാഹചര്യത്തില്‍ രൂപയെ മൂല്യം ഉയർത്തി നിർത്താൻ റിസര്‍വ് ബാങ്ക് കരുതല്‍ ധനത്തെ (വിദേശ കറൻസികൾ, പ്രത്യേകിച്ച് ഡോളർ ) വിപണിയിൽ ഇറക്കിയതിനാലാണ് കരുതൽ ശേഖരത്തിൽ കുറവുണ്ടായത്.

ആര്‍ബിഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് പ്രകാരം, ഓഗസ്റ്റ് 25 ന് അവസാനിച്ച ആഴ്ചയില്‍, കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 538 ദശലക്ഷം ഡോളര്‍ കുറഞ്ഞ് 527.249 ബില്യണ്‍ ഡോളറായി. വിദേശ നാണയ ആസ്തികളില്‍ വിദേശ കറൻസി കരുതല്‍ ശേഖരത്തിലെ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയവയുടെ മൂല്യത്തകര്‍ച്ച, അല്ലെങ്കില്‍ വര്‍ധന എന്നിവ ശേഖരത്തിന്റെ മൂല്യത്തില്‍ പ്രതിഫലിക്കും.

സ്വര്‍ണശേഖരം 530 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 44.354 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്‍) 11 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.194 ബില്യണ്‍ ഡോളറിലെത്തിയതായി അപെക്സ് ബാങ്ക് അറിയിച്ചു.

അംഗരാജ്യങ്ങളുടെ ഔദ്യോഗിക കരുതല്‍ ശേഖരത്തിന് അനുബന്ധമായി ഐഎംഎഫ് സൃഷ്ടിച്ച ഒരു അന്താരാഷ്ട്ര കരുതല്‍ ആസ്തിയാണ് എസ്ഡിആര്‍.