image

2 May 2023 4:18 AM

News

2026-27ല്‍ യുഎഇയിലേക്കുള്ള കയറ്റുമതി $50 ബില്യണാകുമെന്ന് പ്രതീക്ഷ

MyFin Desk

indian export growth to us
X

Summary

  • സർട്ടിഫിക്കറ്റ് ഓഫ് ഒറിജിനിന്‍റെ എണ്ണത്തില്‍ കുതിച്ചുകയറ്റം
  • 2022-23ൽ യുഎഇയിലേക്കുള്ള കയറ്റുമതി 11.8% ഉയര്‍ന്നു
  • യുഎഇയില്‍ നിന്നുള്ള ഇറക്കുമതി 18.8% ഉയര്‍ന്നു


യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2026-27 ഓടെ ഏകദേശം 60 ശതമാനം വർധിച്ച് 50 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ സെക്രട്ടറി സുനിൽ ബർത്വാൾ. കഴിഞ്ഞ വർഷം മേയ് 1ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കിയതിനു ശേഷം ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം ഗണ്യമായി വളർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

2022 ഫെബ്രുവരി 18 ന് ഇരു രാജ്യങ്ങളും ഒപ്പുവച്ച ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് (സിഇപിഎ) കഴിഞ്ഞ വർഷം മെയ് 1 ന് ഔദ്യോഗികമായി നിലവിൽ വന്നത്. വ്യാപാര ഉടമ്പടിയുടെ മുൻഗണനാ മാർഗത്തിലൂടെ ധാരാളം വ്യാപാരം ഇപ്പോള്‍ നടക്കുന്നുണ്ടെന്ന് വാണിജ്യ സെക്രട്ടറി വ്യക്തമാക്കുന്നു.

2022-23ൽ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 11.8% വർധിച്ച്31.3 ബില്യൺ ഡോളറിലെത്തി, അതേസമയം യുഎഇയില്‍ നിന്നുള്ള ഇറക്കുമതി 18.8% വർധിച്ച് 53.2 ബില്യൺ ഡോളറിലെത്തി. ഇരു രാജ്യങ്ങള്‍ക്കും കരാറില്‍ നിന്ന് നേട്ടം കൊയ്യാനാകുമെന്നാണ് പ്രതീക്ഷ. തുണിത്തരങ്ങൾ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യന്‍ കയറ്റുമതിക്കാർക്ക് സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ യുഎഇ വിപണിയിൽ തീരുവ രഹിത പ്രവേശനം ലഭിക്കും.

പ്രിഫറൻഷ്യൽ സർട്ടിഫിക്കറ്റ് ഓഫ് ഒറിജിനിന്‍റെ (CoO) എണ്ണം 2022 മെയ് മാസത്തിൽ 415 ആയിരുന്നത് 2023 മാർച്ചിൽ 8,440 ആയി വർദ്ധിച്ചു. സ്വതന്ത്ര-വ്യാപാര കരാറുകൾക്ക് കീഴിൽ ഡ്യൂട്ടി ഇളവുകൾ ക്ലെയിം ചെയ്യുന്നതിന് ഇറക്കുമതി ചെയ്യുന്ന രാജ്യത്തിലെ ലാൻഡിംഗ് പോർട്ടിൽ ഒരു വ്യാപാരി 'സർട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ ' സമർപ്പിക്കണം. അവരുടെ ചരക്കുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് തെളിയിക്കാൻ ഈ സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്.

2022 മെയ് മുതല്‍ 2023 മാർച്ച് വരെ മൊത്തം 54,142 സിഒഒ-കൾ ഇഷ്യൂ ചെയ്തിട്ടുണ്ട്.