image

7 April 2023 7:50 AM GMT

Power

രാജ്യത്തെ കൽക്കരി ഉത്പാദനത്തിൽ വർധന

MyFin Desk

coal production in india growth
X

Summary

  • കൽക്കരി ഉത്പാദനം 12 ശതമാനം വർധിച്ചു
  • വിതരണത്തിൽ 7.49 ശതമാനത്തിന്റെ വർധന


ന്യൂ ഡെൽഹി : രാജ്യത്ത് മാർച്ച് മാസത്തിൽ കൽക്കരി ഉത്പാദനത്തിൽ വർധന. ഉത്പാദനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 96.26 മില്യൺ ടണ്ണിൽ നിന്നും 12 ശതമാനം വർധിച്ച് 107.84 മില്യൺ ടണ്ണായി. കൂടാതെ ഈ കാലയളവിൽ ഉണ്ടായ കൽക്കരി വിതരണത്തിലും 7.49 ശതമാനത്തിന്റെ വർധനവുണ്ടായി. കഴിഞ്ഞ വർഷം മാർച്ചിൽ വിതരണം 77.38 മില്യൺ ടൺ റിപ്പോർട്ട് ചെയ്തപ്പോൾ ഇത്തവണ ഇത് 83.18 മില്യൺ ടണ്ണായി ഉയർന്നുവെന്നു കൽക്കരി മന്ത്രാലയം പുറത്തു വിട്ട കണക്കിൽ വ്യക്തമാക്കി.

മന്ത്രാലയം പുറത്തു വിട്ട കണക്കു പ്രകാരം, കോൾ ഇന്ത്യ, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ്, ക്യാപ്റ്റീവ് മൈനുകൾ എന്നിവ വാർഷികാടിസ്ഥാനത്തിൽ യഥാക്രമം 4.06 ശതമാനം, 8.53 ശതമാനം, 81.35 ശതമാനം എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി.

ഇവയുടെ വിതരണത്തിലും വർധനവുണ്ടായി. വാർഷികാടിസ്ഥാനത്തിൽ യഥാക്രമം 3.40 ശതമാനം, 12.61 ശതമാനം, 31.15 ശതമാനം എന്നിങ്ങനെയാണ് വർധിച്ചത്.

കൂടാതെ, പവർ യൂട്ടിലിറ്റികളുടെ വിതരണം കഴിഞ്ഞ വർഷം മാർച്ചിലെ 65.51 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 4.36 ശതമാനം വർധിച്ച് 68.36 മെട്രിക് ടണ്ണായി.

രാജ്യത്തെ 37 പ്രധാന കൽക്കരി ഉത്പാദന ഖനികളിൽ, 29 എണ്ണവും 100 ശതമാനത്തിലധികം ഉത്പാദനമാണ് റിപ്പോർട്ട് ചെയ്തത്. ബാക്കിയുള്ളവ 80 -100 ശതമാനം വരെയും റിപ്പോർട്ട് ചെയ്തു.

കൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉൽപ്പാദനം, മാർച്ചിൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപെടുത്തിയതിനേക്കാൾ 5.70 ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തത്തിലുള്ള വൈദ്യുതി ഉൽപ്പാദനം 2022 മാർച്ചിൽ ഉൽപാദിപ്പിച്ച വൈദ്യുതിയെക്കാൾ 4.59 ശതമാനം കൂടുതലാണ്. മൊത്ത വൈദ്യുത ഉത്പാദനം ഫെബ്രുവരിയിൽ ഉണ്ടായ 1,28,026 മില്യൺ യൂണിറ്റിനെക്കാൾ 1,39,718 മില്യൺ യൂണിറ്റായി വർധിച്ചു.