4 Oct 2024 9:31 PM IST
Summary
- ഇന്ത്യയില്‍ നിന്നുള്ള മൊത്തം മൃഗോല്‍പ്പന്ന കയറ്റുമതിയില്‍ 82 ശതമാനവും പോത്തിറച്ചിയാണ്
- കഴിഞ്ഞവര്‍ഷം ഇറച്ചി, പാല്‍, മുട്ട തുടങ്ങിയവയുടെ കയറ്റുമതിയിലൂടെ ആകെ 37,665.51 കോടി രൂപയുടെ വരുമാനം ഇന്ത്യ നേടി
ബീഫ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് നേട്ടം, കയറ്റുമതി ചെയ്യുന്നത് സൗദിയും റഷ്യയും ഉള്‍പ്പെടെ 70ലേറെ രാജ്യങ്ങളിലേക്ക്
ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) പോത്തിറച്ചി കയറ്റുമതിയിലൂടെ 374.05 കോടി ഡോളറിന്റെ (ഏകദേശം 31,010 കോടി രൂപ) വരുമാനം നേടിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (അപെഡ) റിപ്പോര്‍ട്ട്. 70ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ പോത്തിറച്ചി കയറ്റുമതി ചെയ്യുന്നുണ്ട്. സൗദി അറേബ്യ, റഷ്യ, യുഎഇ, അള്‍ജീരിയ, ഇറാഖ്, ഈജിപ്റ്റ്, മലേഷ്യ, വിയറ്റ്‌നാം, കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവയാണ് മുഖ്യ വിപണികള്‍.
ഇന്ത്യയില്‍ നിന്നുള്ള മൊത്തം മൃഗോല്‍പന്ന കയറ്റുമതിയില്‍ 82 ശതമാനവും പോത്തിറച്ചിയാണ്. കഴിഞ്ഞവര്‍ഷം ഇറച്ചി, പാല്‍, മുട്ട തുടങ്ങിയവയുടെ കയറ്റുമതിയിലൂടെ ആകെ 37,665.51 കോടി രൂപയുടെ (454.35 കോടി ഡോളര്‍) വരുമാനം ഇന്ത്യ നേടി. ആട്ടിറച്ചി കയറ്റുമതിയിലൂടെ 643.55 കോടി രൂപയും കോഴിയിറച്ചിയും അനുബന്ധ ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്തതുവഴി 1,530.20 കോടി രൂപയും ലഭിച്ചു. പാലുല്‍പന്നങ്ങള്‍ വഴി 2,260.94 കോടി രൂപയും പ്രകൃതിദത്ത തേന്‍ വഴി 1,470.84 കോടി രൂപയും ലഭിച്ചുവെന്നും അപെഡ വ്യക്തമാക്കുന്നു.