11 Nov 2024 8:11 AM GMT
Summary
- 2018-ല്‍ ഒരു പ്രാദേശിക ആരാധകന്‍ നിര്‍മ്മിച്ച പ്രതിമയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്
- ഉടമയുടെ മരണശേഷം പ്രതിമ അവഗണയിലായിരുന്നു
- എന്നാല്‍ ഇപ്പോള്‍ ട്രംപിന്റെ ഉജ്വലവിജയം ആഘോഷിക്കാന്‍ ഗ്രാമത്തിലുള്ളവര്‍ പ്രതിമക്കു ചുറ്റുമാണ് ഒത്തുകൂടിയത്
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ പ്രതിമയെയും ആരാധിക്കുന്ന ഒരു ഗ്രാമമുണ്ടോ? ഇല്ലെന്നാവും ഏവരുടെയും ആദ്യമറുപടി. എന്നാല്‍ ട്രംപിന്റെ വിജയം അതിഗംഭീരമായി ആഘോഷിക്കുകയും പ്രതിയില്‍ മാല ചാര്‍ത്തുകയും പൂക്കള്‍ ചൊരിയുകയും എല്ലാം ചെയ്യുന്ന ഒരു പ്രദേശമുണ്ട്. അത് മറ്റെങ്ങുമല്ല, നമ്മുടെ സ്വന്തം രാജ്യത്തു തന്നെയാണ്. തെലങ്കാനയിലെ ജങ്കാവോണ്‍ ജില്ലയിലെ കോനൈ ഗ്രാമമാണ് ഇപ്പോള്‍ ട്രംപാരാധാനയുടെ പേരില്‍ പ്രശസ്തമാകുന്നത്. അയ്യായിരത്തോളം ജനസംഖ്യയുള്ള ഈ ഗ്രാമം ഇപ്പോള്‍ 'ട്രംപിന്റെ ഗ്രാമം' എന്നാണ് അറിയപ്പെടുന്നത്.
2018-ല്‍ ഒരു പ്രാദേശിക ആരാധകന്‍ നിര്‍മ്മിച്ച പ്രതിമ 2020-ല്‍ ഉടമയുടെ മരണശേഷം അവഗണനയില്‍ വീണിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയത്തെക്കുറിച്ചുള്ള വാര്‍ത്ത ഗ്രാമവാസികള്‍ ആഘോഷിക്കാന്‍ പ്രതിമയുടെ ചുറ്റുമാണ് ഒത്തുകൂടിയത്. പൊടിപിടിച്ച ആറടി പ്രതിമ അവര്‍ വൃത്തിയാക്കി. പാല്‍ ഒഴിച്ചു, മാല ചാര്‍ത്തി, ട്രംപ് വിജയ പ്രസംഗം നടത്തുമ്പോള്‍ പ്രതിമയില്‍ ഗ്രാമവാസികള്‍ പുഷ്പങ്ങള്‍ ചൊരിയുകയായിരുന്നു.
ശതകോടീശ്വരനായ രാഷ്ട്രീയക്കാരനോടുള്ള തീക്ഷ്ണമായ ആരാധനയുടെ പേരില്‍ പ്രാദേശികമായി 'ട്രംപ് കൃഷ്ണ' എന്ന് അറിയപ്പെട്ടിരുന്ന അന്തരിച്ച ബുസ്സ കൃഷ്ണയാണ് പ്രതിമ നിര്‍മ്മിച്ചത്. എന്നാല്‍ ബുസ്സ കൃഷ്ണയുടെ മരണശേഷം പ്രതിമയെ ആരൂം പരിഗണിച്ചിരുന്നില്ല. പക്ഷേ ഇക്കുറി ട്രംപ് ചരിത്ര വിജയം നേടിയതോടെ കൃഷ്ണയോടും ട്രംപിനോടുമുള്ള സ്‌നേഹത്തിന്റെ സ്മരണക്കായി ഗ്രാമം അതാഘോഷിക്കുകയായിരുന്നു എന്ന് കൃഷ്ണയുടെ ബാല്യകാല സുഹൃത്തും വാര്‍ഡ് മെമ്പറുമായ വഞ്ച റെഡ്ഡി പറഞ്ഞു.
''എല്ലാവരും ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, വാര്‍ത്തകള്‍ കാണുകയായിരുന്നു. ട്രംപിന്റെ വിജയം പ്രഖ്യാപിച്ചയുടന്‍ ഗ്രാമവാസികള്‍ പ്രതിമയ്ക്ക് മുന്നില്‍ ഒത്തുകൂടി അതില്‍ പുഷ്പങ്ങള്‍ ചൊരിഞ്ഞ് ആഘോഷിച്ചു'', വഞ്ച റെഡ്ഡി പറഞ്ഞു.
33-ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കൃഷ്ണ, സ്വന്തം വീടിന് മുന്നില്‍ നിര്‍മിച്ച പ്രതിമ ദിവസവും പൂജിക്കുകയും ശുചീകരണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തിരുന്നതായി റെഡ്ഡി പറയുന്നു. ട്രംപിന് കോവിഡ്-19 പോസിറ്റീവായപ്പോള്‍, കൃഷ്ണ ഉപവസിക്കുകയും അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുകയുംവരെ ചെയ്തിരുന്നു.
പൂക്കളും നാളികേരവും ആരതിയും കൊണ്ട് ഒരു ദേവന് ചെയ്യുന്നതുപോലെ കൃഷ്ണന്‍ അനുഷ്ഠിച്ചിരുന്ന ശരിയായ പൂജയായിരുന്നു അത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹസ്തദാനം ചെയ്യുന്നതുള്‍പ്പെടെ ട്രംപിന്റെ ചിത്രം ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍ കൃഷ്ണയുടെ വീട് മൂടിയിരുന്നു. ട്രംപിന്റെ പേര് എല്ലായിടത്തും ഉണ്ടായിരുന്നു - മരത്തിന്റെ ജനാലകളില്‍ പോലും.
ഇപ്പോള്‍, കൃഷ്ണന്റെ വീടിന് സമീപത്തുകൂടി കടന്നുപോകുമ്പോള്‍ ആളുകള്‍ പലപ്പോഴും പ്രതിമ വൃത്തിയാക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നതായി കാണാറുണ്ടെന്ന് റെഡ്ഡി പറഞ്ഞു. ''ഞങ്ങള്‍ ട്രംപിന്റെ വിജയം ആഘോഷിച്ചു, കൃഷ്ണയെയും ട്രംപിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തെയും ബഹുമാനിക്കാനാണ് പ്രതിമ ഇപ്പോഴും പരിപാലിക്കുന്നത്,'' 35 കാരനായ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.