19 Jan 2024 3:23 PM IST
Summary
- 2023-ല്‍ റെയില്‍വേ 34 വന്ദേഭാരത് ട്രെയിന്‍ സര്‍വീസാണ് ആരംഭിച്ചത്
- ഇന്ത്യന്‍ റെയില്‍വേ ഇന്ത്യയിലുടനീളം 41 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്
- ദക്ഷിണേന്ത്യയിലെ റൂട്ടുകളില്‍ 25 പുതിയ വന്ദേഭാരത് സര്‍വീസ് ആരംഭിക്കും
2024-ല്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 60 പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു.
2023-ല്‍ റെയില്‍വേ 34 വന്ദേഭാരത് ട്രെയിന്‍ സര്‍വീസാണ് ആരംഭിച്ചത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ 34 പുതിയ റൂട്ടുകളിലും ദക്ഷിണേന്ത്യയിലെ റൂട്ടുകളില്‍ 25 പുതിയ വന്ദേഭാരത് ട്രെയിനുകളും സര്‍വീസ് ആരംഭിക്കുന്നത് പരിഗണിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
മുംബൈ-ഷെഗാവ്, പൂനെ-ഷെഗാവ്, ബെലഗാവിപൂനെ, റായ്പൂര്‍-വാരണാസി, കൊല്‍ക്കത്തറൂര്‍ക്കേല എന്നിവയാണ് 2024-ല്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന ചില റൂട്ടുകള്‍.
വഡോദര നഗരത്തെ പൂനെയുമായി ബന്ധിപ്പിക്കുന്ന രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഗുജറാത്തിനും ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്കില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
2024 ജനുവരി 15 വരെയുള്ള കണക്ക്പ്രകാരം, ഇന്ത്യന്‍ റെയില്‍വേ ഇന്ത്യയിലുടനീളം 41 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. വടക്കന്‍ റെയില്‍വേയും ദക്ഷിണ റെയില്‍വേയും എട്ട് വന്ദേഭാരത് ട്രെയിനുകള്‍ വീതമാണു സര്‍വീസ് നടത്തുന്നത്.
നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ, സെന്‍ട്രല്‍ റെയില്‍വേ, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ, വെസ്‌റ്റേണ്‍ റെയില്‍വേ എന്നിവ മൂന്ന് ട്രെയിനുകള്‍ വീതവും ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ, സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ, വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ എന്നിവ രണ്ടും വീതം വന്ദേഭാരത് ട്രെയിനുകളുമാണു സര്‍വീസ് നടത്തുന്നത്.
ഈസ്‌റ്റേണ്‍ റെയില്‍വേ, നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ, നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ, സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ, സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ എന്നിവ ഓരോ വന്ദേഭാരത് ട്രെയിന്‍ ഓടിക്കുന്നു.