image

10 Oct 2023 12:53 PM IST

News

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം: തിളക്കം ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കും

MyFin Desk

asian games medal success shine for indian corporates too
X

Summary

റിലയന്‍സ് ഫൗണ്ടേഷന്‍ പിന്തുണ നല്‍കിയ 12 കായികതാരങ്ങളാണ് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയത്


വന്‍ നേട്ടം സമ്മാനിച്ചു കൊണ്ടാണ് ഇപ്രാവിശ്യം ഹാങ്‌സു ഏഷ്യന്‍ ഗെയിംസിന് കൊടിയിറങ്ങിയത്.

28 സ്വര്‍ണം, 38 വെള്ളി, 41 വെങ്കലം ഉള്‍പ്പെടെ 107 മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി. ആദ്യമായിട്ടാണ് ഇന്ത്യ 100 മെഡലുകള്‍ നേടുന്നത്.

ഈ നേട്ടം കൈവരിച്ചതിനു പിന്നില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കും ചെറിയ പങ്കുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ ഗ്രൂപ്പ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് തുടങ്ങിയ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിലും സ്‌പോണ്‍സര്‍ ചെയ്യുന്നതിലും കാര്യമായ പങ്കാണു വഹിച്ചത്.

നിത അംബാനി അധ്യക്ഷയായ റിലയന്‍സ് ഫൗണ്ടേഷന്‍ പിന്തുണ നല്‍കിയ 12 കായികതാരങ്ങളാണ് ഇപ്രാവിശ്യത്തെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയത്.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെയും അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും പ്രിന്‍സിപ്പല്‍ പാര്‍ട്ണറാണ് റിലയന്‍സ് ഫൗണ്ടേഷന്‍. സ്‌കോളര്‍ഷിപ്പുകളിലൂടെയും പരിശീലനത്തിലൂടെയും രാജ്യത്തെ 200 ഓളം കായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നുണ്ട് റിലയന്‍സ് ഫൗണ്ടേഷന്‍.

ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ് പിന്തുണ നല്‍കിയ കായിക താരങ്ങള്‍ 17 മെഡല്‍ നേടി. ഇതില്‍ നാല് സ്വര്‍ണവും, എട്ട് വെള്ളിയും, അഞ്ച് വെങ്കലവും ഉള്‍പ്പെടുന്നു. ജെഎസ്ഡബ്ല്യു പിന്തുണ നല്‍കിയ 31 പേരാണ് ഇപ്രാവിശ്യം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തത്.

ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ് അതിന്റെ ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ടിലൂടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്, ജൂഡോ, റെസ് ലിംഗ്, ബോക്‌സിംഗ്, നീന്തല്‍ എന്നീ വിഭാഗങ്ങളിലായി 4,000-ഓളം കായികതാരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.

ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ ദീപക് പുനിയയ്ക്ക് സഹായം ചെയ്തിരുന്നത് അദാനി സ്‌പോര്‍ട്‌സ് ലൈനാണ്.

2023 ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ സംഘത്തിന്റെ പ്രധാന സ്‌പോണ്‍സറായിരുന്നു അദാനി സ്‌പോര്‍ട്‌സ് ലൈന്‍. 2024-ലെ പാരീസ് ഒളിംപിക്‌സിനു വേണ്ടിയുള്ള ഇന്ത്യന്‍ സംഘത്തിന്റെ പ്രധാന സ്‌പോണ്‍സറും അദാനി സ്‌പോര്‍ട്‌സ് ലൈനാണ്.

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ആര്‍ച്ചറി റീകര്‍വ് ഇനത്തില്‍ വെങ്കലം നേടിയ അങ്കിത ഭകതും, ഭജന്‍ കൗറും ടാറ്റാ സ്റ്റീല്‍ സ്ഥാപിച്ച ആര്‍ച്ചറി അക്കാദമി അംഗങ്ങളാണ്.