image

29 Nov 2022 12:19 PM GMT

Banking

12 ലക്ഷം കോടി രൂപ ആസ്തി, ഫോബ്‌സ് പട്ടികയില്‍ അദാനി ഒന്നാമന്‍

MyFin Desk

indian billionaires 2022
X

Summary

  • പട്ടിക പ്രകാരം രാജ്യത്തെ 100 സമ്പന്നരുടെ സംയുക്ത ആസ്തി 25 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 800 ബില്യണ്‍ ഡോളറായി.
  • ജോയ് ആലുക്കാസ് 25,036.84 കോടി രൂപ ആസ്തിയോടെ 69ാം സ്ഥാനം നേടി പട്ടികയിലേക്ക് തിരികെ വന്നു


മുംബൈ: ഈ വര്‍ഷത്തെ ഇന്ത്യന്‍ ശതകോടീശ്വന്മാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ്. പട്ടിക പ്രകാരം രാജ്യത്തെ 100 സമ്പന്നരുടെ സംയുക്ത ആസ്തി 25 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 800 ബില്യണ്‍ ഡോളറായി. ഓഹരി വിപണി താരതമ്യേന താഴ്ന്ന നിലയിലും, രൂപയുടെ മൂല്യം 10 ശതമാനത്തില്‍ താഴെയും എത്തിയെങ്കിലും പട്ടികയിലുള്ളവരുടെ സമ്പത്ത് കഴിഞ്ഞ വര്‍ഷം വളര്‍ന്നുവെന്നും ഫോബ്‌സ് ഇ സൂചിപ്പിക്കുന്നത്. ഗൗതം അദാനിയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനം മുകേഷ് അംബാനിക്കാണ്. പട്ടികയിലെ മുന്‍നിരയിലുള്ള 10 പേരുടെ സഞ്ചിത ആസ്തി 385 ബില്യണ്‍ ഡോളറാണ്. പട്ടികയില്‍ ഒമ്പത് സ്ത്രീകളാണ് ഇടം നേടിയിട്ടുള്ളത്.

അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണായ ഗൗതം അദാനിയുടെ ആസ്തി 1,211,460.11 കോടി രൂപയാണ്. 2021 ല്‍ ആസ്തി മൂന്നിരട്ടിയാക്കിയാണ് 2022ല്‍ ഫോബ്സിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആദ്യമായി അദാനി എത്തുന്നത്. 2013 ന് ശേഷം ആദ്യമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും, എംഡിയുമായ മുകേഷ് അംബാനിയുടെ സ്ഥാനം പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 710,723.26 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

ഡിമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഉടമയായ രാധാകൃഷ്ണന്‍ ധമാനിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ധമാനിയുടെ ആസ്തി 222,908.66 കോടി രൂപയാണ്. കമ്പനിക്ക് 271 ഡിമാര്‍ട്ട് സ്റ്റോറുകളാണ് രാജ്യത്തുള്ളത്. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാണ കമ്പനി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ സൈറസ് പൂനവാലയുടെ ആസ്തി 173,642.62 കോടി രൂപയാണ്. എച്ച്സിഎല്‍ ടെക്നോളജീസിന്റെ മുന്‍ ചെയര്‍മാന്‍ ശിവ് നാടാര്‍ 172,834.97 കോടി രൂപ ആസ്തിയോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. പട്ടികയിലെ മുന്‍ നിരയിലുള്ള 10 പേരിലെ ഏക സ്ത്രീ കോടീശ്വരീ ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍പേഴ്സണ്‍ സാവിത്രി ജിന്‍ഡാലാണ്. ആറാം സ്ഥാനത്തുള്ള ജിന്‍ഡാലിന്റെ ആസ്തി 132,452.97 കോടി രൂപയാണ്.

ഏഴാം സ്ഥാനത്തുള്ള സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപകന്‍ ദിലിപ് സംഗ് വിയുടെ ആസ്തി 125,184.21 കോടി രൂപയാണ്. 1914 ല്‍ പര്‍മാനന്ദ് ദീപ്ചന്ദ് ഹിന്ദുജ സ്ഥാപിച്ച ഹിന്ദുജ ഗ്രൂപ്പ് ഇപ്പോള്‍ ശ്രീചന്ദ്, ഗോപിചന്ദ്, പ്രകാശ്, അശോക് എന്നീ നാല് സഹോദരങ്ങളാണ് നയിക്കുന്നത്. പട്ടികയില്‍ എട്ടാം സ്ഥാത്തുള്ള ഹിന്ദുജ സഹോദരന്മാരുടെ ആസ്തി 122,761.29 കോടി രൂപയാണ്. ടെക്സ്‌റ്റൈല്‍ മുതല്‍ സിമന്റ് ബിസിനസില്‍ വരെ ഏര്‍പ്പെട്ടിരിക്കുന്ന ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ളയുടെ ആസ്തി 121,146.01 കോടി രൂപയാണ്. സമ്പന്നരുടെ പട്ടികയില്‍ ഒൻപതാം സ്ഥാനത്താണ് ഇദ്ദേഹം.

പട്ടികയില്‍ പത്താം സ്ഥാനത്ത് 1926 ല്‍ ആരംഭിച്ച ബജാജ് ഗ്രൂപ്പിന് 40 കമ്പനികളുടെ ശൃംഖലയുണ്ട്. ജമ്നലാല്‍ ബജാജ് ആരംഭിച്ച ബിസിനസിന്റെ ഇപ്പോഴത്തെ ആസ്തി 117,915.45 കോടി രൂപയാണ്. ബജാജ് ഓട്ടോ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഇരുചക്ര-മുചക്ര വാഹന നിര്‍മ്മാതാക്കളാണ്. നൈകയുടെ ഉടമ ഫല്‍ഗുനി നയ്യാര്‍, എതിനിക് വസ്ത്ര നിര്‍മ്മാതാവായ രവി മോഡി, മെട്രോ ബ്രാന്‍ഡ് ഉടമ റഫീഖ് മാലിക് തുടങ്ങിയവര്‍ യഥാക്രമം 44, 50, 89 സ്ഥാനങ്ങളിലായി പട്ടികയില്‍ പുതുതായി ഇടം പിടിച്ചു. ജോയ് ആലുക്കാസ് 25,036.84 കോടി രൂപ ആസ്തിയോടെ 69ാം സ്ഥാനം നേടി പട്ടികയിലേക്ക് തിരികെ വന്നു.