21 Feb 2025 10:54 AM GMT
Summary
- വാഹനങ്ങളിലെ സുരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയതിനാണ് പുരസ്‌കാരം
- ഭാരത് എന്‍ക്യാപ് ക്രാഷ്ടെസ്റ്റ്, എല്ലാ വാഹനങ്ങളിലും എ.ബി.എസ്. സുരക്ഷ തുടങ്ങിയവ നിര്‍ണായകമായി
അന്തരാഷ്ട്ര റോഡ് സേഫ്റ്റി അവാര്‍ഡ് സ്വന്തമാക്കി ഇന്ത്യ. വാഹനങ്ങളിലെ സുരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയതിനാണ് പുരസ്‌കാരം. മൊറോക്കോയില്‍ നടന്ന ചടങ്ങില്‍ ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി അജയ് താംത പുരസ്‌കാരം ഏുവാങ്ങി.
ഇന്ത്യയിലെ വാഹനങ്ങളില്‍ വരുത്തിയ സുരക്ഷ സംവിധാനങ്ങള്‍ പരിഗണിച്ചാണ് ലോകത്തിലെ തന്നെ മികച്ച അംഗീകാരങ്ങളിലൊന്നായ പ്രിന്‍സ് മൈക്കല്‍ ഡെക്കേഡ് ഓഫ് ആക്ഷന്‍ റോഡ് സേഫ്റ്റി അവാര്‍ഡ് ഇന്ത്യക്ക് സമ്മാനിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ കാറുകളുടെ സുരക്ഷ സംബന്ധിച്ച് മൂല്യനിര്‍ണ്ണയം നടത്തുന്നതിനുള്ള ഭാരത് എന്‍ക്യാപ് ക്രാഷ്ടെസ്റ്റ്, ഇരുചക്ര വാഹനങ്ങളില്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളിലും എ.ബി.എസ്. സുരക്ഷ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയതാണ് ഇന്ത്യക്ക് യോഗ്യത നേടിക്കൊടുത്തതെന്നാണ് റിപ്പോര്‍ട്ട്.
2030ഓടെ റോഡപകട മരണങ്ങള്‍ 50 ശതമാനം കുറയ്ക്കുന്നതിനുള്ള റോഡ്മാപ്പ് തയാറാക്കുന്നതിനായി മൊറോക്കോയില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത മന്ത്രിതല സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രിയായ അജയ് തംത അവാര്‍ഡ് ഏറ്റുവാങ്ങി. സ്വതന്ത്ര ക്രാഷ്ടെസ്റ്റ് സംവിധാനം ഉള്‍പ്പെടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിരവധി സംവിധാനങ്ങള്‍ ഇന്ത്യ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.