12 Aug 2023 10:05 AM
Summary
- മുബൈയിൽ നടന്ന ജി -20 പരിപാടിയിൽ അഭിസംബോധന ചെയ്തു സംസാരിച്ച് മന്ത്രി
- എംഡിബികളെ ശക്തിപെടുത്തുക ഇന്ത്യയുടെ ലക്‌ഷ്യം
- ആഗോള സാമ്പത്തിക വെല്ലുവിളികൾ അഭിമുഖീകരിക്കാൻ അന്താരാഷ്ട സഹകരണം ആവശ്യമാണ്
മൾട്ടി ലാറ്ററൽ ഡെവലപ്പ്മെന്റ് ബാങ്കുകളെ (MDBs) ശക്തിപ്പെടുത്തുകയാണ് 2023 -ൽ ഇന്ത്യ ജി- 20 അധ്യക്ഷപദവി ഏറ്റെടുത്തതിന്റെ പ്രാഥമിക ലക്‌ഷ്യമെന്നു കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. മുംബൈയിൽ നടന്ന ജി-20 പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കവേ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വികസ്വര സമ്പദ് വ്യവസ്ഥകളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനു എംഡിബികൾ അവയുടെ പ്രവർത്തനം വിപുലീകരിക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. നിലവിലുള്ള കടം പുനക്രമീകരിക്കുകയും സുസ്ഥിരമായ ധനസഹായം നൽകുകയും ചെയ്യുന്നതിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും സംരക്ഷിക്കുന്നതിനും സാമ്പത്തിക ഉറവിടങ്ങൾ തുറന്നുകൊടുക്കുന്നതിനു അന്താരാഷ്ട്ര സമൂഹത്തിനു കാര്യമായ സംഭാവന ചെയ്യാൻ കഴിയുമെന്നും ധന മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ ഈ ആവശ്യങ്ങൾ പരിഹരിക്കാൻ എംഡിബി കൾ വേണ്ടത്ര സജ്ജമല്ലെന്നും കൂടുതൽ വിപുലീകരണം ആവശ്യമാണെന്നും നിർമലസീതാരാമൻ ചൂണ്ടിക്കാട്ടി.
ആഗോള സമ്പദ് വ്യവസ്ഥ വർധിച്ചു വരുന്ന ശിഥിലീകരണത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആഗോള തലത്തിൽ ബഹുമുഖ വികസനത്തിനും സാമ്പത്തിക ലക്ഷ്യങ്ങളെ അഭിസംഭബോധന ചെയ്യുന്നതിലും വലിയ വെല്ലുവിളികളിലൊന്നായി ഈ അവസ്ഥ മാറുന്നുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കടബാധ്യതകൾ നേരിടുന്ന രാജ്യങ്ങളിലും ഇടത്തരം സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങൾക്കുമായി വായ്പ ഘടന ഏകോപിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം നല്ല രീതിയിൽ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആഗോള കടബാധ്യതകൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയുടെ G20 ആധ്യക്ഷ പദവി വളരെയധികം ഊന്നൽ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി