28 Nov 2024 9:49 AM GMT
Summary
- ഇന്ത്യ-യുഎസ് സൗഹൃദം കൂടുതല്‍ മെച്ചപ്പെടുമെന്നും ഗോയല്‍
- വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന താരിഫ് ചുമത്തുന്നത് ഇന്ത്യയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു
- അതിനാല്‍ ട്രംപിന്റെ വരവില്‍ ഇന്ത്യക്ക് ആശങ്കയുമുണ്ട്
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ സുഹൃത്തെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. ഇന്ത്യ-യുഎസ് സൗഹൃദം ഇനി കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രധാന രാജ്യങ്ങള്‍ക്കിടയില്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന താരിഫ് ചുമത്തുന്നത് ഇന്ത്യയാണെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ ഇതിന് പകരം നികുത്തി ചുമത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇക്കാരണത്താല്‍ ഇന്ത്യ യുഎസില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് അതീവ ശ്രദ്ധയാണ് നല്‍കുന്നത്.
ട്രംപ് ഭരണകൂടവുമായി ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ മുന്‍കാലത്തേക്കാളും മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റുമാരായ ഒബാമ, ട്രംപ്, ബൈഡന്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഈ കാലഘട്ടങ്ങളില്‍ ഇന്ത്യ യുഎസുമായി മികച്ച ബന്ധമാണ് പുലര്‍ത്തിയത്. ട്രംപിന്റെ രണ്ടാമൂഴത്തിലും ഇന്ത്യാ സൗഹൃദ നിലപാടായിരിക്കും യുഎസ് സ്വീകരിക്കുക എന്നാണ് കേന്ദ്ര നേതാക്കള്‍ വിശ്വസിക്കുന്നത്.