14 Feb 2025 7:01 AM GMT
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ വ്യാപാരം, പ്രതിരോധം, കുടിയേറ്റം എന്നിവ പ്രധാന വിഷയമായി. സംയുക്ത പത്രസമ്മേളനത്തിൽ, ഇന്ത്യയും യുഎസും 2030 ഓടെ ഉഭയകക്ഷി വ്യാപാരത്തിന് 500 ബില്യൺ യുഎസ് ഡോളറിന്റെ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടെന്നും വ്യാപാര കമ്മി കുറയ്ക്കുന്നതിന് ഇന്ത്യ കൂടുതൽ യുഎസ് എണ്ണയും വാതകവും ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ പുതിയ ‘സൂത്രവാക്യം’ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മാഗ+മിഗ=മെഗാ’ എന്ന സൂത്രവാക്യമാണ് മോദി അവതരിപ്പിച്ചത്. ട്രംപിന്റെയും മോദിയുടെയും പ്രചാരണ മുദ്രാവാക്യങ്ങൾ ചേർത്താണു ഉഭയകക്ഷി ബന്ധത്തിനു പുതുമ ചാർത്തിയത്. ട്രംപിന്റെ മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ(മാഗ), മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ (മിഗ) എന്നിവ ചേർന്നാൽ മെഗാ കൂട്ടുകെട്ടാകുമെന്നാണ് മോദി പറഞ്ഞത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ‘മെഗാ’ പങ്കാളിത്തമായി മാറുമെന്നും പ്രധാന മന്ത്രി പറഞ്ഞു.
മോട്ടോർ സൈക്കിളുകൾ, ലോഹങ്ങൾ, സാങ്കേതിക ഉൽപ്പന്നങ്ങൾ തുടങ്ങിയ യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ സമീപകാല നടപടികളെ ട്രംപ് സ്വാഗതം ചെയ്തു. ഇന്ത്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഈ കരാറോടെ, നാറ്റോ സഖ്യകക്ഷികളായ ഇസ്രായേല്‍, ജപ്പാന്‍ എന്നിവയുള്‍പ്പെടെ എഫ്-35 വാങ്ങാന്‍ അനുവദിക്കുന്ന രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ഇന്ത്യയും ചേരും. ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായിരുന്ന മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാനും തീരുമാനമായി.