image

15 April 2024 7:43 AM

News

ഇറാന്‍ ആക്രമണം; പൗരന്‍മാരെ ഒഴിപ്പിക്കാതെ രാജ്യങ്ങള്‍

MyFin Desk

ഇറാന്‍ ആക്രമണം; പൗരന്‍മാരെ   ഒഴിപ്പിക്കാതെ രാജ്യങ്ങള്‍
X

Summary

  • എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യാക്കാരോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു
  • ഇറാന്‍ ഇസ്രയേലിനെ നേരിട്ടാക്രമിക്കുന്നത് ഇത് ആദ്യം
  • സര്‍ക്കാര്‍ ഓഫീസുകളും ബിസിനസ് സ്ഥാപനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു


ഇറാന്‍ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് ശേഷം ശാന്തത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും ഇന്ത്യന്‍ വംശജര്‍ക്ക് നയതന്ത്ര കാര്യാലയം നര്‍ദ്ദേശം നല്‍കി. ഡമാസ്‌കസിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നയതന്ത്ര സ്ഥാപനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരച്ചടിയായിട്ടായിരുന്നു ടെഹ്‌റാന്റെ നീക്കം.

''മേഖലയിലെ സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍, ഇസ്രായേലിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ശാന്തമായിരിക്കാനും പ്രാദേശിക അധികാരികള്‍ നല്‍കുന്ന സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും നിര്‍ദ്ദേശിക്കുന്നു,'' ഇന്ത്യന്‍ മിഷന്‍ അതിന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നിര്‍ദ്ദേശത്തില്‍ പറയുന്നു. എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നമ്മുടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേല്‍ അധികാരികളുമായും ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്നും അത് കൂട്ടിച്ചേര്‍ത്തു.തന്നിരിക്കുന്ന ലിങ്കില്‍ ഇന്ത്യന്‍ പൗരന്മാരോട് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനും ഓഫീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇസ്ലാമിക് റിപ്പബ്ലിക് സ്വന്തം മണ്ണില്‍ നിന്ന് യഹൂദ രാഷ്ട്രത്തിനെതിരെ ആക്രമണം നടത്തുന്നത് ആദ്യമായിട്ടായിരുന്നു. ഇസ്രയേലിനുനേരെ വെടിയുതിര്‍ത്തിട്ടും, തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഒരു രാജ്യവും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഇസ്രയേലിലെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച വരെ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ ബിസിനസുകളും സാധാരണപോലെ പ്രവര്‍ത്തിക്കുന്നു. ഹോം ഫ്രണ്ട് പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ എല്ലാവരോടും നിര്‍ദ്ദേശിച്ചു.

ഇറാന്‍ വിക്ഷേപിച്ച ഏകദേശം 330 മിസൈലുകളും ഡ്രോണുകളും 99 ശതമാനവും തടഞ്ഞുവെങ്കിലും 'ഭീഷണി അവസാനിച്ചിട്ടില്ല' എന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് പറഞ്ഞു.

തിരിച്ചടിച്ചാല്‍ കൂടുതല്‍ വലിയ ആക്രമണം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി, ഇറാനെതിരായ ഇസ്രയേല്‍ സൈനിക നടപടിയെ വാഷിംഗ്ടണ്‍ പിന്തുണച്ചാല്‍ യുഎസ് താവളങ്ങള്‍ ലക്ഷ്യമിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇറാന്റെ ആക്രമണത്തെ 'സ്വാഭാവിക അവകാശം' എന്നാണ് ഹമാസ് വിശേഷിപ്പിച്ചത്.