23 Aug 2023 2:24 PM IST
Summary
- ഇന്ത്യ ലോകത്തിന്റെ വളര്‍ച്ചായന്ത്രമായി മാറും
- ബ്രിക്‌സ് രാജ്യങ്ങള്‍ യുപിഐ ഉപയോഗിക്കുന്നതിന് നിരവധി സാധ്യതകള്‍
- 2047ഓടെ ഇന്ത്യ വികസിത രാജ്യമാകും
ഇന്ത്യ അഞ്ച് ലക്ഷംകോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുകയാണെന്നും വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ വളര്‍ച്ചാ യന്ത്രമായി മാറാന്‍ രാജ്യം ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോഹനാസ്ബര്‍ഗില്‍ ബ്രിക്സ് ബിസിനസ് ഫോറം ലീഡേഴ്സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഇന്ത്യ നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷം മെച്ചപ്പെടുത്തി. രാജ്യത്തിന്റെ വികസന യാത്രയുടെ ഭാഗമാകാന്‍ നിക്ഷേപകരെ അദ്ദേഹം ക്ഷണിച്ചു .
ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെ, ബ്രിക്‌സിനായി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിക്കുന്നതിന് നിരവധി സാധ്യതകളുണ്ടെന്ന് മോദി പറഞ്ഞു. ബ്രസീൽ , റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക (ബ്രിക്‌സ്) എന്നിവയ്ക്ക് ആഗോള ക്ഷേമത്തിന് സംഭാവന നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് രാജ്യങ്ങളുടെ 2019 ന് ശേഷ൦ ആദ്യമായി നേതാക്കന്മാർ നേരിട്ട് എത്തുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയതാണ് പ്രധാനമന്ത്രി. ആഗോള സമ്പത് വ്യവസ്ഥയിലെ പ്രക്ഷുബ്ധതയ്ക്കിടയിലും, ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പത് വ്യവസ്ഥയാണ് ഇന്ത്യയെന്ന് സമ്മേളനത്തില്‍ മോദി പറഞ്ഞു. 'ഉടന്‍ തന്നെ, ഇന്ത്യ അഞ്ച് ലക്ഷംകോടി ഡോളര്‍ ഇക്കോണമി ആയ്യി മാറും. വരും വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്തിന്റെ വളര്‍ച്ചാ എഞ്ചിനായിരിക്കുമെന്നതില്‍ സംശയമില്ല,' ദുരന്തങ്ങളെയും പ്രയാസങ്ങളെയും രാജ്യം സാമ്പത്തിക വീണ്ടെടുക്കാനുള്ള അവസരങ്ങളാക്കി മാറ്റിയെന്നും മോദി പറഞ്ഞു.
സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ ഇന്ത്യ നടപ്പാക്കി. ചുവപ്പ്‌നാട നീക്കി ഇന്ത്യ ഇപ്പോള്‍ ചുവന്ന പരവതാനി വിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ നിക്ഷേപിക്കുന്നവരുടെ ആത്മവിശ്വാസം വര്‍ധിച്ചു. 2047 ഓടെ വികസിത രാഷ്ട്രമായി മാറുമെന്ന് രാജ്യത്തെ ജനങ്ങള്‍ പ്രതിജ്ഞയെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകള്‍ ഇന്ത്യ തുറന്നിട്ടുവെന്നും അവിടെ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു. ലോജിസ്റ്റിക്സ് ചെലവ് കുറയുന്നതിനാല്‍ ഉല്‍പ്പാദന മേഖല കൂടുതൽ ലാഭകരമായി.
കൂടാതെ, സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജം, വൈദ്യുത വാഹനങ്ങള്‍, ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയെ ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കാന്‍ രാജ്യം നടപടികള്‍ സ്വീകരിച്ചുവരികയാണ്.
സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ, സാമ്പത്തിക മേഖലയില്‍ ഇന്ത്യ വലിയ ഒരു കുതിച്ചുചാട്ടം നടത്തിയെന്നും ഗ്രാമീണ സ്ത്രീകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം നേടിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
360 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറുകള്‍ (ഡിബിടി) നടത്തി. ഇത് സർക്കാർ സേവനങ്ങളുടെ സുതാര്യത വര്‍ധിപ്പിക്കുകയും അഴിമതിയും ഇടനിലക്കാരെയും കുറയ്ക്കുകയും ചെയ്തു, അദ്ദേഹം പറഞ്ഞു. യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) പ്ലാറ്റ്ഫോമിനെ പരാമര്‍ശിച്ച്, തെരുവ് കച്ചവടക്കാര്‍ മുതല്‍ വലിയ ഷോപ്പിംഗ് മാളുകള്‍ വരെ ഇത് ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.