29 Jun 2023 5:34 PM IST
Summary
- ഒന്നാം സ്ഥാനത്ത് അര്‍ജന്‍റീന
- ഇന്ത്യ നേടുന്ന നാലാമത്തെ മികച്ച റാങ്ക്
- സാഫ് സെമിഫൈനലില്‍ ആത്മവിശ്വാസം ഉയര്‍ത്തും
ഫിഫയുടെ ഏറ്റവും പുതിയ ലോക റാങ്കിംഗിൽ ഇന്ത്യയുടെ പുരുഷ ഫുട്ബോള്‍ ടീം നൂറാം സ്ഥാനത്ത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആദ്യ 100 സ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ ടീം എത്തുന്നത്. 2018ൽ 96-ാം സ്ഥാനത്തുനിന്ന് പിന്തള്ളപ്പെട്ട ശേഷം പിന്നീട് ഇത്രയും കാലം ടോപ് 100 ക്ലബ്ബിൽ ഇടംപിടിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. 1204.90 പോയിന്റുമായാണ് ഇന്ത്യൻ ടീം ഇത്തവണ 100-ാം റാങ്കിലെത്തിയിട്ടുള്ളത്. ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം നേടുന്ന ഏറ്റവും മികച്ച നാലാമത്തെ റാങ്കിംഗാണിത്.1996-ൽ 94-ാം റാങ്കും 1993-ൽ 99-ാം റാങ്കും 2017-ലും 2018-ൽ 96-ാം റാങ്കും നേടാന്‍ ഇന്ത്യന്‍ ടീമിനായിരുന്നു.
ഇക്കുറി ലെബനൻ, ന്യൂസിലാൻഡ് തുടങ്ങിയ ടീമുകളെ പിന്നിലേക്ക് തള്ളിയാണ് ഇന്ത്യൻ ടീം ആദ്യ നൂറിലേക്ക് കയറിയിട്ടുള്ളത്. ലോകക്കപ്പ് ജേതാക്കളായ അര്‍ജന്‍റീനയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. റണ്ണേര്‍സ്അപ്പായ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തുണ്ട്. ബ്രസീൽ, ഇംഗ്ലണ്ട്, ബെൽജിയം, ക്രൊയേഷ്യ, നെതർലാൻഡ്‌സ്, ഇറ്റലി, പോർച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലെ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ യഥാക്രമം വരുന്നത്.
ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷന്‍ ടൂര്‍ണമെന്‍റിലെ (സാഫ്) നിർണായക സെമിഫൈനലിന് മുമ്പ് ഫിഫ റാങ്കിംഗില്‍ ലഭിച്ച മുന്നേറ്റം ഇന്ത്യന്‍ ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തും. ഫിഫ ലോക റാങ്കിംഗിൽ 102-ാം സ്ഥാനത്തുള്ള ലെബനനെതിരെയാണ് ഇന്ത്യ ജൂലൈ 1ന് നടക്കുന്ന സെമിഫൈനലില്‍ ഇറങ്ങുന്നത്.