15 Jan 2025 10:30 AM GMT
Summary
- ജനസംഖ്യക്ക് അനുസൃതമായി തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ല
- ഈ രാജ്യത്ത് തൊഴിലവസരങ്ങള്‍ തേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും
- ഇപ്പോള്‍ അവസരം വിനിയോഗിച്ചില്ലെങ്കില്‍ അത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും
ഇന്നത്തെ വികസിത സമ്പദ്വ്യവസ്ഥകളുടെ അതേ തലത്തിലുള്ള വാര്‍ധക്യത്തിലേക്ക് എത്തുന്നതിന് മുമ്പ് രാജ്യത്തിന് വെറും 33 വര്‍ഷമേ ഉള്ളൂവെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ്. ഏകദേശം ഒരു തലമുറ മാത്രം.! രാജ്യത്തെ ജനസംഖ്യയെ സംബന്ധിച്ച ആഗോള സ്ഥാപനമായ മക്കിന്‍സിയുടെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.
ജനസംഖ്യാ വര്‍ധന സംബന്ധിച്ച് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അത് പ്രത്യാഘാതം സൃഷ്ടിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ രണ്ട് ദശാബ്ദത്തില്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ തേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. 2020-2040 കാലയളവില്‍ ലോകത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവില്‍ 20 ശതമാനത്തോളം ഇന്ത്യയില്‍ നിന്നായിരിക്കും. തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വര്‍ധനവ് ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയും അതുവഴി ആ രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുകയുമാണ് ചെയ്യുക.
എന്നാല്‍ വേണ്ടത്ര തൊഴില്‍ സൃഷ്ടിക്കാനും യുവാക്കളെ ഉപയോഗപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. തൊഴില്‍ വിപണിയില്‍ വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നത്. അതായത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നയെന്ന വെല്ലുവിളിയാണ് ഭരണകൂടം നേരിടുന്നത്. ഇപ്പോള്‍ അവസരം വിനിയോഗിച്ചില്ല എങ്കില്‍ വരും നാളുകളില്‍ അത് വലിയ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് സൃഷ്ടിക്കും. കാരണം 2050ല്‍ എത്തുമ്പോഴേക്കും ഈ യുവാക്കളെല്ലാം വിരമിക്കല്‍ പ്രായത്തില്‍ എത്തും. ഇത് വന്‍ പ്രതിസന്ധിക്ക് വഴിതെളിച്ചേക്കും.
യുവാക്കളുടെ എണ്ണത്തില്‍ കുറവ് വരും. തൊഴില്‍ ചെയ്യാന്‍ ആളില്ലാത്ത അവസ്ഥ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിക്കുമെന്നും മക്കന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു,
ഈ സമയത്ത് ആഗോള ഉപഭോഗത്തിന്റെ 16 ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കും. ഇതെല്ലാം മുന്നില്‍കണ്ട് തൊഴില്‍ വിപണി പങ്കാളിത്തം ഇന്ത്യ വര്‍ധിപ്പിക്കണം. സ്ത്രീകളുടെ പങ്കാളിത്തത്തിലെ കുറവ് പരിഹരിക്കണമെന്നും മക്കിന്‍സി വ്യക്തമാക്കുന്നു.