image

28 Feb 2024 7:10 AM

News

നക്ഷത്രങ്ങളേ സാക്ഷി! ബഹിരാകാശത്തിറങ്ങാന്‍ ഇന്ത്യ

MyFin Desk

isro in search of unknown secrets
X

Summary

  • പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത് 90 ബില്യണ്‍ രൂപ
  • യാത്രികര്‍ മൂന്നുദിവസം ബഹിരാകാശത്ത്
  • 2035-ഓടെ ഇന്ത്യക്ക് സ്വന്തം ബഹിരാകാശ നിലയം


നക്ഷത്രങ്ങള്‍ നിറഞ്ഞ ബഹിരാകാശം എന്നും മനുഷ്യന് അത്ഭുതങ്ങളുടെ കലവറയായിരുന്നു. കവിഭാവനകള്‍ അതിന് എക്കാലത്തും നിറംനല്‍കുകയും ചെയ്തുപോന്നു. കാലാന്തരത്തില്‍ ക്ഷീരപഥങ്ങളിലൂടെയുള്ള യാത്രകള്‍ മനുഷ്യന്‍ സ്വപ്‌നം കണ്ടുതുടങ്ങി. പലരാജ്യങ്ങളും ബഹിരാകാശ യാത്രകള്‍ സാധ്യമാക്കുകയും ചെയ്തു.

ഇനി ഈ രംഗത്ത് ഇന്ത്യയുടെ ഊഴമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പ്രഖ്യാപിക്കപ്പെട്ട ഗഗന്‍യാന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ നമ്മുടെ രാജ്യവും മനുഷ്യരെ ബഹിരാകാശത്തെത്തിക്കും. ഇതില്‍ പങ്കെടുക്കുന്ന സഞ്ചാരികളെ രാജ്യത്തിന് പരിചയപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഈ രംഗത്ത് നിശ്ചയദാര്‍ഢ്യത്തോടെ രാജ്യം മുന്നേറുന്നു എന്നതിന് തെളിവായിരുന്നു നാല് സഞ്ചാരികളെ സമൂഹത്തിന് പരിചയപ്പെടുത്തിയ ചടങ്ങ്.

പദ്ധതിക്കായി ഇന്ത്യ വകയിരുത്തിയിരിക്കുന്നത് 90 ബില്യണ്‍ രൂപയാണ്. നാനൂറ് കിലോമീറ്ററിനപ്പുറം മൂന്നു ദിവസത്തെ സഞ്ചാരമാണ് ഇന്ത്യന്‍ യാത്രികര്‍ നടത്തുക. അതിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ പരിശീലനത്തിലുമാണ്. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ രാജ്യം റഷ്യയെ ആശ്രയിച്ചു. അവിടെ യൂറി ഗഗാറിന്‍ ട്രെയിനിംഗ് സെന്ററിലായിരുന്നു സഞ്ചാരികളുടെ പരിശീലനം ആരംഭിച്ചത്.ഇന്ന് ബെംഗളൂരുവിലും ഇതുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ നിലവിലുണ്ട്.

സോവിയറ്റ് യൂണിയന്‍,യുഎസ്, ചൈന എന്നിവര്‍ക്കുശേഷം മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

എല്‍വിഎം-3 റോക്കറ്റ് ഉപയോഗിച്ചാണ് യാത്രികരെ ബിരാകാശത്തെത്തിക്കുക. മൂന്നു ദിവസത്തിനുശേഷമാണ് യാത്രികരെ സുരക്ഷിതമായി മടക്കിയെത്തിക്കുന്നത്.

പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ദൗത്യ സംഘത്തെ നയിക്കുക. 1998-ല്‍ വ്യോമസേനയില്‍ അംഗമായ പ്രശാന്തിന് മൂവായിരം മണിക്കൂറിലേറെ വിവിധ വിമാനങ്ങള്‍ പറത്തിയുള്ള പരിചയം ഉണ്ട്. മറ്റൊരംഗമായ അംഗദ് പ്രതാപിന് രണ്ടായിരം മണിക്കൂറിലേറെ വിവിധ വിമാനങ്ങള്‍ പറത്തിയുള്ള പരിചയമാണ് ഉള്ളത്. വിംഗ് കമാന്‍ഡര്‍ ശുഭാംശു ശുക്ലയ്ക്കും സമാനമായ പരിചയമാണ് വ്യോമസേനയിലുള്ളത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണനാകട്ടെ 2900 മണിക്കൂറുകള്‍ വിവിധ വിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട നാലുപേരും ഈ യാത്രക്ക് യോഗ്യത നേടിയവരാണെന്നാണ്. കൂടാതെ ലഭിക്കുന്ന മികച്ച പരിശീലനവും അംഗങ്ങളെ മികച്ച ബഹിരാകാശ യാത്രികരാക്കി മാറ്റുന്നു.

2035-ഓടെ ഇന്ത്യക്ക് സ്വന്തമായി ബഹിരാകാശ നിലയവും ഉണ്ടാകുമെന്നും പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. ബഹിരാകാശത്തെ അജ്ഞാത രഹസ്യങ്ങളിലേക്ക് വെളിച്ചം വീശാന്‍ ഈ സ്റ്റേഷന്‍ രാജ്യത്തിന് സഹായകമാകും. ഈ കാഘട്ടത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത റോക്കറ്റില്‍ ബഹിരാകാശ യാത്രികര്‍ ചന്ദ്രനിലിറങ്ങുമെന്നും പ്രഖ്യാപിത നയങ്ങളിലുണ്ട്.

എന്തും രാജ്യത്ത് സ്വന്തമായി ഉല്‍പ്പാദിപ്പിക്കുക എന്നതിന് ഉദാഹരണമാണ് ഗഗന്‍യാന്‍ പദ്ധതിയും. ഈ ദൗത്യത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൂടുതലും രാജ്യത്ത് നിര്‍മ്മിച്ചവ തന്നെയാകും.