image

11 Feb 2025 11:54 AM GMT

News

എഐ ജനാധിപത്യവല്‍ക്കരിക്കണമെന്ന് ഇന്ത്യയും ഫ്രാന്‍സും

MyFin Desk

എഐ ജനാധിപത്യവല്‍ക്കരിക്കണമെന്ന് ഇന്ത്യയും ഫ്രാന്‍സും
X

Summary

  • എഐ ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി
  • എഐ പോലുള്ള സാങ്കേതിക വിദ്യകളില്‍ തുല്യ പങ്കിടല്‍ അനിവാര്യം


എഐ സാങ്കേതിക വിദ്യ ജനാധിപത്യവല്‍ക്കരിക്കണമെന്ന് ഇന്ത്യയും ഫ്രാന്‍സും. എഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.

ദ്വിദിന ഫ്രാന്‍സ് സന്ദര്‍ശനത്തിനായി പാരീസിലെത്തിയതാണ് പ്രധാനമന്ത്രി മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം എഐ ആക്ഷന്‍ ഉച്ചകോടിയുടെ മൂന്നാം പതിപ്പില്‍ സഹ-അധ്യക്ഷനായും അദ്ദേഹം പങ്കെടുത്തു.

ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിവയും മറ്റും മെച്ചപ്പെടുത്തുന്നതിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ എഐക്ക് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള യാത്ര എളുപ്പവും വേഗമേറിയതുമായ ഒരു ലോകം സൃഷ്ടിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക വിദ്യ ഫലപ്രദവും ഉപയോഗപ്രദവുമാകുന്നതിന് പ്രാദേശിക ആവാസവ്യവസ്ഥയില്‍ വേരൂന്നിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.പക്ഷപാതങ്ങളില്‍ നിന്ന് മുക്തമായ ഗുണമേന്മയുള്ള ഡാറ്റാ സെറ്റുകള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നിപ്പറഞ്ഞു.

വിശ്വാസവും സുതാര്യതയും വര്‍ധിപ്പിക്കുന്ന ഓപ്പണ്‍ സോഴ്സ് എഐ ഇക്കോസിസ്റ്റങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്.അതേസമയം, എഐയുടെ പരിമിതികളും പക്ഷപാതങ്ങളും മനസ്സിലാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രികൂട്ടിച്ചേര്‍ത്തു.

ഉച്ചകോടിയില്‍ എഐ ശേഷിയുടെ പങ്കിടലിനെ കുറിച്ച് ഇരുരാജ്യങ്ങളും സമാന വീക്ഷണം വ്യക്തമാക്കി. ആഗോള എഐ നയം പിന്തുടര്‍ന്ന് കൊണ്ട് തന്നെ എഐ സുരക്ഷ, ഗവേഷണം, നവീകരണം എന്നിവയെല്ലാം പങ്കിടാന്‍ ഇന്ത്യ തയ്യാറാണെന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് അജയ് കുമാര്‍ സൂദ് പറഞ്ഞു. ഇതിനായി ആഗോള ടെക്നോളജിക്കല്‍ ചട്ടങ്ങള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയും ഫ്രാന്‍സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭവങ്ങളിലും വികസനത്തിലും സഹകരിക്കും. എഐ പോലുള്ള സാങ്കേതിക വിദ്യകളില്‍ തുല്യ പങ്കിടല്‍ അനിവാര്യമാണെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.പ്രധാനമന്ത്രി മോദിയുടെ ആറാമത്തെ ഫ്രാന്‍സ് സന്ദര്‍ശനമാണിത്. ദ്വിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടമായി ഫ്രാന്‍സില്‍ നിന്ന് മോദി യുഎസിലേക്ക് തിരിക്കും.