27 March 2024 6:08 AM
Summary
- 2024 ഫെബ്രുവരിയില്‍ നേപ്പാളില്‍ മൊത്തം 97,426 വിനോദ സഞ്ചാരികളാണ് എത്തിയത്
- മാര്‍ച്ചിനു ശേഷമാണ് നേപ്പാളില്‍ ടൂറിസം സീസണ്‍ ആരംഭിക്കുന്നത്
- മൊത്തം സന്ദര്‍ശകരുടെ എണ്ണമെടുത്താല്‍ 2023 ഫെബ്രുവരിയേക്കാള്‍ 33 ശതമാനം വര്‍ധനയാണ് 2024 ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്
നേപ്പാള്‍ സന്ദര്‍ശിക്കുന്ന രാജ്യക്കാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെന്നു നേപ്പാള്‍ ടൂറിസം അധികൃതര്‍.
കോവിഡ്19 സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറുന്ന നേപ്പാളിന് ഏറെ ആശ്വാസം പകരുന്നതാണ് ടൂറിസം രംഗം ഉണരുന്നെന്ന വാര്‍ത്ത. 2024 ഫെബ്രുവരിയില്‍ വിമാന മാര്‍ഗം നേപ്പാളില്‍ മൊത്തം 97,426 വിനോദ സഞ്ചാരികളാണ് എത്തിയത്. ഇവരില്‍ 25,578 പേരും ഇന്ത്യാക്കാരായിരുന്നെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
9180 പേര്‍ ചൈനക്കാരും, 9,089 പേര്‍ അമേരിക്കന്‍ സഞ്ചാരികളുമായിരുന്നു.
ഈ കണക്ക് വിമാനമാര്‍ഗം സഞ്ചരിച്ചവരുടെ മാത്രമാണ്. ഇതിലും കൂടുതല്‍ പേര്‍ കരമാര്‍ഗം വഴിയും നേപ്പാള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നു നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചു.
മൊത്തം സന്ദര്‍ശകരുടെ എണ്ണമെടുത്താല്‍ 2023 ഫെബ്രുവരിയേക്കാള്‍ 33 ശതമാനം വര്‍ധനയാണ് 2024 ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. 73,255 പേരാണ് 2023 ഫെബ്രുവരിയില്‍ നേപ്പാള്‍ സന്ദര്‍ശിച്ചത്.
കോവിഡ്19 ന് മുന്‍പ് 2019 ഫെബ്രുവരിയില്‍ നേപ്പാള്‍ സന്ദര്‍ശിച്ചത് 1,02,423 പേരാണ്. മാര്‍ച്ചിനു ശേഷമാണ് നേപ്പാളില്‍ ടൂറിസം സീസണ്‍ ആരംഭിക്കുന്നത്. വരും മാസം നേപ്പാള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.