image

7 Nov 2024 7:18 AM GMT

News

സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കാനഡ; കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കി ഇന്ത്യ

MyFin Desk

india cancels consular camps in canada saying it cannot provide security
X

Summary

  • കാനഡയില്‍ ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
  • ആക്രമണം ഇന്ത്യാ വിരുദ്ധ ഘടകങ്ങളുടെ ടാര്‍ഗെറ്റഡ് നടപടിയാണെന്ന് കോണ്‍സുലേറ്റ്


കാനഡയിലുടനീളമുള്ള നിരവധി കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കിയതായി ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഇവന്റുകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് സൂചിപ്പിക്കുന്ന പ്രാദേശിക സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് തീരുമാനം.

''കമ്മ്യൂണിറ്റി ക്യാമ്പ് സംഘാടകര്‍ക്ക് മിനിമം സുരക്ഷാ പരിരക്ഷ പോലും നല്‍കില്ലെന്ന സുരക്ഷാ ഏജന്‍സികളുടെ അറിയിപ്പിനെ തുടര്‍ന്ന് ഷെഡ്യൂള്‍ ചെയ്ത ചില കോണ്‍സുലാര്‍ ക്യാമ്പുകള്‍ റദ്ദാക്കാന്‍ കോണ്‍സുലേറ്റ് തീരുമാനിച്ചു'' എന്ന് സാമൂഹ്യമാധ്യമത്തില്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ടൊറന്റോയ്ക്ക് സമീപമുള്ള ഹിന്ദു സഭാ ക്ഷേത്രത്തില്‍ നടന്ന കോണ്‍സുലര്‍ ക്യാമ്പില്‍ അടുത്തിടെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് റദ്ദാക്കല്‍. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ അപലപിച്ചിരുന്നു. 'ഇന്ത്യ വിരുദ്ധ' ഘടകങ്ങളുടെ ടാര്‍ഗെറ്റഡ് നടപടിയായി ഇതിനെ ഇന്ത്യ വിശേഷിപ്പിച്ചു.പങ്കെടുക്കുന്നവര്‍ക്കും സംഘാടകര്‍ക്കും മതിയായ പരിരക്ഷ ഉറപ്പാക്കാന്‍ പ്രാദേശിക അധികാരികള്‍ക്ക് കഴിയുമെങ്കില്‍ മാത്രമേ ഭാവിയില്‍ കോണ്‍സുലാര്‍ പരിപാടികള്‍ മുന്നോട്ട് പോകൂ എന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന്‍ പങ്കുവെച്ച വീഡിയോയില്‍ ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ ക്ഷേത്രത്തിന് പുറത്ത് സ്ത്രീകളെയും കുട്ടികളെയുംആക്രമിച്ചതായി ആരോപിച്ചു. ഈ ദൃശ്യങ്ങള്‍ സമൂഹത്തിനുള്ളില്‍ രോഷത്തിന് കാരണമായി. സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് ആയിരത്തിലധികം കനേഡിയന്‍ ഹിന്ദുക്കള്‍ ബ്രാംപ്ടണില്‍ പ്രകടനം നടത്തി.

ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ട്രൂഡോയും അപലപിച്ചിരുന്നു. എന്നാല്‍ അതിനു പിന്നിലുള്ള ഗ്രൂപ്പിനെക്കുറിച്ച് അദ്ദേഹം ഒന്നും വെളിപ്പെടുത്തിയില്ല. ഇന്ത്യ-കാനഡ ബന്ധം ഏറെ വഷളായ സാഹചര്യത്തിലാണ് ഈ ആക്രമണം ഉണ്ടാകുന്നത് എന്നത് വലിയ പ്രതിസന്ധിയാണ് നയതന്ത്ര രംഗത്ത് സൃഷ്ടിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ കാനഡയിലെ ഇന്ത്യാ അനുകൂല ഗ്രൂപ്പുകളും ഖാലിസ്ഥാനി അനുകൂല ഗ്രൂപ്പുകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയേറെയാണ്.