15 Oct 2024 10:40 AM GMT
Summary
- ഭീകരര്‍ക്ക് ഇടം നല്‍കുന്നതെന്ന് കാനഡയെന്ന് ഇന്ത്യ
- ഇന്ത്യക്കെതിരെ ട്രൂഡോ തെളിവുകള്‍ നിരത്തി
ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളായി. കാനഡയിലെ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും ആരോപിച്ചു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ക്രിമിനലുകളെ പിന്തുണയ്ക്കുന്നുവെന്നും ട്രൂഡോ കുറ്റപ്പെടുത്തി.
തീവ്രവാദികള്‍ക്കും ഭീകരര്‍ക്കും കാനഡ ഇടം നല്‍കിയെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി ട്രൂഡോ രംഗത്തെത്തിയത്.
ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കാനഡയിലുള്ള ഏജന്റുമാര്‍ രഹസ്യ വിവരശേഖരണം നടത്തി കനേഡിയന്‍ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ട്രൂഡോ ആരോപിച്ചു.
റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസില്‍ (ആര്‍സിഎംപി) നിന്നുള്ള തെളിവുകള്‍ നിരത്തിയാണ് ട്രൂഡോ ഇക്കാര്യം വ്യക്തമാക്കിയത്.
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ്മക്കും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് കാനഡ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കനേഡിയന്‍ നിയമപാലകര്‍ ഇന്ത്യയ്ക്ക് നിരവധി തെളിവുകള്‍ നല്‍കിയിട്ടും അത് നിഷേധിക്കുകയായിരുന്നുവെന്നും ട്രൂഡോ പറഞ്ഞു. എന്നാല്‍ കാനഡയുടെ ഈ ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചു.