22 Aug 2023 12:11 PM GMT
Summary
- സ്വതന്ത്ര വ്യാപാര ഉടമ്പടി സംബന്ധിച്ച ചര്‍ച്ചകള്‍ 2025ല്‍ അവസാനിപ്പിക്കും
- കരാറിന്റെ പുനരവലോകനം ഇന്ത്യന്‍ വ്യാപാര രംഗത്തെ നിരന്തര ആവശ്യം
പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി പുനഃപരിശോധിക്കുന്നതിനുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കും. ചര്‍ച്ചകള്‍ 2025ല്‍ അവസാനിപ്പിക്കാന്‍ ധാരണയായിട്ടുണ്ടെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു.
ഇന്തോനേഷ്യയിലെ സെമറാംഗില്‍ നടന്ന ഇരുപതാമത് എഇഎം -ഇന്ത്യ കണ്‍സള്‍ട്ടേഷന്‍ യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. 2009ല്‍ ഒപ്പുവെച്ച് 2010 ജനുവരിയില്‍ നടപ്പാക്കിയ ആസിയാന്‍-ഇന്ത്യ വ്യാപാര കരാറിന്റെ സമയോചിതമായ അവലോകനമാണ് ഈ വര്‍ഷത്തെ യോഗത്തിന്റെ പ്രധാന അജണ്ടയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് എഐടിജിഎ സംയുക്ത സമിതി യോഗം ചേര്‍ന്നത്. ഇത് അവലോകനത്തിനായുള്ള റോഡ്മാപ്പ് ചര്‍ച്ച ചെയ്യുകയും ചര്‍ച്ചകളുടെ ടേംസ് ഓഫ് റഫറന്‍സും വര്‍ക്ക് പ്ലാനും അന്തിമമാക്കുകയും ചെയ്തു.
കരാറിന്റെ പുനരവലോകനം ഇന്ത്യന്‍ ബിസിനസുകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്നും അവലോകനം നേരത്തെ ആരംഭിക്കുന്നത് എഫ്ടിഎ വ്യാപാരം സുഗമമാക്കുന്നതിന് സഹായിക്കുമെന്നും വാണിജ്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. ചര്‍ച്ചകളുടെ ത്രൈമാസ ഷെഡ്യൂള്‍ പിന്തുടരാനും 2025-ല്‍ അവലോകനം അവസാനിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
കരാറിന്റെ അവലോകനം ഉഭയകക്ഷി വ്യാപാരത്തിലെ നിലവിലെ അസമത്വത്തെ പരിഗണിക്കും. ഇത് വ്യാപാരം വര്‍ധിപ്പിക്കുകയും വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി സെപ്റ്റംബര്‍ ആദ്യം നടക്കുന്ന ഇന്ത്യ-ആസിയാന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ കരാര്‍ പുനഃപരിശോധിക്കുന്നതിനുള്ള ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കും.സെമാരംഗില്‍ പുറത്തിറക്കിയ സംയുക്ത മാധ്യമ പ്രസ്താവന പ്രകാരം, വ്യാപാരം വര്‍ധിപ്പിക്കുന്നതിനും സുസ്ഥിരമായ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും കരാര്‍ കൂടുതല്‍ പ്രയോജനപ്രദമാകും.
ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ആസിയാന്‍ അംഗങ്ങള്‍.
കരാറിന്റെ ഡ്യൂട്ടി ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് ആസിയാന്‍ അംഗങ്ങള്‍ വഴി മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ ഇന്ത്യയിലെത്തിക്കുന്നതിനെ കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ആസിയാന്‍- ചൈന വ്യാപാര ഉടമ്പടിയിലൂടെ ഇന്ത്യയിലേക്ക് ചൈനീസ് സാധനങ്ങള്‍ എത്തുന്നതിനെയാണ് ഇന്ത്യ സംശയദൃഷ്ടിയോടെ കാണുന്നത്. ആസിയാന് ചൈനയുമായി കൂടുതല്‍ ആഴത്തിലുള്ള സാമ്പത്തിക ഇടപാടുകളുണ്ട്.
2022-23ല്‍ ആസിയാന്‍ രാജ്യങ്ങളിലേക്ക് ഉള്ള ഇന്ത്യയുടെ കയറ്റുമതി 4400 കോടി ഡോളറിന്റേതായിരുന്നു. ഇതേകാലത്ത് ഇന്ത്യയുടെ ഇറക്കുമതി 8700 കോടി ഡോളർ [കവിഞ്ഞു. വ്യാപാരത്തിലെ ഈ അന്തരം കുറയ്ക്കാനാകുമോ എന്നാണ് ഇപ്പോള്‍ ഇന്ത്യ പരിശോധിക്കുന്നത്.