22 Nov 2023 4:20 PM IST
Summary
ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ വിവരം 1930 എന്ന സൈബർ പോലീസ് ഹെല്പ് ലൈൻ നമ്പറിൽ അറിയിക്കുക
സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് കേരള പോലീസ്. നിരന്തരമായ ബോധവൽക്കരണത്തിനുശേഷവും ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാർ പരീക്ഷിക്കുന്നത്. മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോൾ സജീവമാണ്.
മൊബൈൽ ഫോൺ സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നിന്നാണെന്നു പറഞ്ഞായിരിക്കും ഇവർ ബന്ധപ്പെടുക. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ നമ്പറിലേയ്ക്കുള്ള സേവനങ്ങൾ ചില സാങ്കേതികപ്രശ്നങ്ങൾ മൂലം നിർത്തേണ്ടിവരുന്നു, ബാങ്കിങ് സേവനങ്ങൾ മുടങ്ങാൻ സാധ്യതയുണ്ടെന്നുമാണ് ഇത്തരം വ്യാജ കസ്റ്റമർ കെയറിൽ നിന്ന് ലഭിക്കുന്ന സന്ദേശം. ഇത്തരം സന്ദേശങ്ങൾ എസ്എംഎസ് ആയോ ഇ-മെയിലിലൂടെയോ, സോഷ്യൽ മീഡിയ അക്കൗണ്ടുകളായ വാട്ട്സ് ആപ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിച്ചാൽ ഒരു കാരണവശാലും മറുപടി നൽകാനോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
പണമോ, ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകൾ ഒരിക്കലും അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടില്ല. ഇത്തരം സന്ദേശങ്ങളിൽ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടാവും. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുന്നു. ആയതിനാൽ ഫോണിൽ വരുന്ന സംശയകരമായ സന്ദേശങ്ങൾക്ക് മറുപടി നൽകാനോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല.
ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ വിവരം 1930 എന്ന സൈബർ പോലീസ് ഹെല്പ് ലൈൻ നമ്പറിൽ അറിയിക്കുക. ഒരു മണിക്കൂറിനകം തന്നെ ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.