image

31 Dec 2024 10:05 AM GMT

News

ആദായ നികുതി റിട്ടേൺ ഫയല്‍ ചെയ്യാൻ മറന്നോ? ടെൻഷൻ വേണ്ട, തീയതി നീട്ടി

MyFin Desk

date for filing income tax returns extended
X

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 15ലേക്ക് നീട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്. ലേറ്റ് ഫീയോടുകൂടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്. ഇന്നായിരുന്നു സമയം അവസാനിക്കേണ്ടിയിരുന്നത്. വൈകിയ ആദായനികുതി റിട്ടേണുകളും കൂടുതൽ വിവരങ്ങൾ ചേർത്തും തെറ്റുകൾ തിരുത്തിയുമുള്ള പുതുക്കിയ റിട്ടേണുകളും ഇനി ജനുവരി 15നകം സമർപ്പിച്ചാൽ മതി. വ്യക്തികൾക്ക് മാത്രമാണ് ഇതു ബാധകം. ബിസിനസുകൾക്ക് ഈ ആനുകൂല്യമില്ല.

പിഴയില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ജൂലൈ 31ന് അവസാനിച്ചിരുന്നു. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവര്‍ക്ക് 5,000 രൂപയും താഴെയുള്ളവര്‍ക്ക് 1,000 രൂപയുമാണ് പിഴ. ആദായനികുതി ബാധ്യതയില്ലെങ്കിലും വാര്‍ഷികവരുമാനം പഴയ നികുതി വ്യവസ്ഥപ്രകാരം 2.5 ലക്ഷം രൂപയ്ക്കും പുതിയ നികുതി വ്യവസ്ഥ പ്രകാരം 3 ലക്ഷം രൂപയ്ക്കും മുകളിലാണെങ്കില്‍ നിര്‍ബന്ധമായും റിട്ടേണ്‍ ഫയല്‍ ചെയ്യണം. റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടീസ് ലഭിക്കും. തുടർന്ന് പിഴ അടയ്‌ക്കേണ്ടി വരും. കൂടാതെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പിന്നീട് ബാങ്ക് വായ്പകളും മറ്റും ലഭിക്കാനും തടസ്സമുണ്ടാകും.

ഡിസംബർ 31 വരെയുള്ള സമയപരിധി പാലിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാവുന്ന നികുതിദായകർക്ക് ആശ്വാസം നൽകുന്നതാണ് പുതിയ സമയപരിധി. റിട്ടേണുകൾ തിരുത്താനോ അപ്ഡേറ്റ് ചെയ്യാനോ ആവശ്യമുള്ളവർക്ക് തിടുക്കമില്ലാതെ ഇക്കാലയളവിൽ പൂർത്തീകരിക്കാനാകും.