22 Jun 2023 12:32 PM IST
കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്: രണ്ടുകോടി വരെ വാര്‍ഷിക വരുമാനം ലഭിക്കുന്നവരുണ്ടെന്ന് റിപ്പോര്‍ട്ട്
MyFin Desk
Summary
- ആദ്യമായാണ് കേരളത്തില്‍ യൂട്യൂബര്‍മാരെ കേന്ദ്രീകരിച്ച് ഐടി റെയ്ഡ് നടക്കുന്നത്
- വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നു എന്ന് വ്യാപക പരാതി
- യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്
കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ് തുടങ്ങി പത്തോളം പേരുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ആദ്യമായാണ് കേരളത്തില്‍ യൂട്യൂബര്‍മാരെ ആദായ നികുതി വകുപ്പ ലക്ഷ്യമിടുന്നത്. മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന യൂട്യൂബര്‍മാര്‍ പലരും വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നു എന്ന് വ്യാപക പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന സൂചന.
പലരും യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും അത് നേടേണ്ടവിധത്തെക്കുറിച്ചും ഓണ്‍ലൈന്‍ ക്ലാസുകള്‍ വരെ എടുത്തിരുന്നു. ബിസിനസ് പ്രൊമോഷന്റെ ഭാഗമായി തങ്ങള്‍ക്കുകിട്ടുന്ന വലിയ തുകകളക്കുറിച്ച് ഇവരില്‍ പലരും പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്തിരുന്നു.
ഇവയെല്ലാം വലിയ ആകര്‍ഷണങ്ങളായി മാറുകയും നിരവധിപേര്‍ ഈ രംഗത്തേക്ക് കടന്നുവരികയും ചെയ്തു.
യൂട്യൂബര്‍മാരില്‍ പലര്‍ക്കും രണ്ടുകോടിവരെ വാര്‍ഷിക വരുമാനം ലഭിക്കുന്നതായാണ് വിവരങ്ങള്‍. 35 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ളവരും ഉണ്ട്. സബ്‌സ്‌ക്രൈബേഴിസിന്റെ സംഖ്യ വര്‍ധിക്കുമ്പോള്‍ അവര്‍ തന്നെ അത് അനൗണ്‍സ് ചെയ്യാറുമുണ്ട്.
എന്നാല്‍ ഇവര്‍ വരുമാനം ഉയരുമ്പോഴും നികുതിയായി പണമൊന്നും അടയ്ക്കുന്നില്ലെന്നാണ് ഇപ്പോഴുള്ള പരാതി. യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ഇപ്പേള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്.
റെയ്ഡു നടക്കുന്ന യൂട്യൂബര്‍മാരുടെ മിക്കവരുടേയും വീഡിയോകള്‍ വളരെ പ്രശസ്തമാണ്. വ്യൂസിന്റെ കണക്കെടുത്താല്‍ തന്നെ അവര്‍ക്ക് ലഭിക്കുന്ന ഏകദേശം തുക മനസിലാകും. അതിനുപുറമേ സ്‌പോണ്‍സര്‍ഷിപ്പും മറ്റ് വരുമാനമാര്‍ഗങ്ങളും അവര്‍ക്കുള്ളതായും പറയുന്നു.
ഇന്ന് എല്ലാപ്രായക്കാരരെയും ഒരു പോലെ ആകര്‍ഷിക്കുന്ന മേഖലയാണ് ഇത്. അതിനാല്‍ നിരവധിപേരാണ് യൂട്യൂബര്‍ ആയി രംഗപ്രവേശം ചെയ്യുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വരുമാനം നേടാനുള്ള മാര്‍ഗങ്ങള്‍ യൂട്യൂബ് കൂടുതല്‍ ലളിതമാക്കിയിരുന്നു. എന്നാല്‍ ഈ നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പാകാനിരിക്കുന്നതേയുള്ളു. ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്.