1 Dec 2022 12:06 PM GMT
Summary
ഐടി റൂള്‍സ് 4 (1)(ഡി) അടിസ്ഥാനമാക്കിയാണ് നടപടി എടുത്തത്. 8.11 ലക്ഷം അക്കൗണ്ടുകള്‍ പരാതി ലഭിക്കും മുന്‍പ് തന്നെ നിരോധിച്ചിരുന്നു.
മുംബൈ: ഒക്ടോബറില്‍ രാജ്യത്തെ 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്നറിയിച്ച് മെറ്റ. പുതിയ ഐടി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ പൂട്ടിയതെന്നും ഒക്ടോബറില്‍ ഏകദേശം 701 പരാതികളാണ് വാട്‌സാപ്പുമായി ബന്ധപ്പെട്ട് ലഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 34 പരാതികളില്‍ നടപടി സ്വീകരിച്ചു. ഐടി റൂള്‍സ് 4 (1)(ഡി) അടിസ്ഥാനമാക്കിയാണ് നടപടി എടുത്തത്. നിരോധിച്ചവയില്‍ 8.11 ലക്ഷം അക്കൗണ്ടുകള്‍ പരാതി ലഭിക്കും മുന്‍പ് തന്നെ നിരോധിച്ചിരുന്നു.
ഇവയെല്ലാം തന്നെ വാട്‌സാപ്പിന്റെ നിയമങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിച്ചത് എന്ന് കണ്ടെത്തി. വാട്‌സാപ്പിലുള്ള റിപ്പോര്‍ട്ട് ഫീച്ചര്‍ വഴി ഒട്ടേറെ നെഗറ്റീവ് ഫീഡ്ബാക്ക് ലഭിച്ചിരുന്നു. 26 ലക്ഷത്തിലധികം വാട്‌സാപ്പ് അക്കൗണ്ടുകളാണ് സെപ്റ്റംബറില്‍ രാജ്യത്ത് നിരോധിച്ചത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളടക്കം നിരോധിക്കുമെന്ന് വാട്‌സാപ്പ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗ്രൂപ്പ് അഡ്മിന് ഇരട്ടി പവര്‍
ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ടെക്സ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചര്‍ മിക്ക ഫോണുകളിലും വൈകാതെ എത്തുമെന്ന് ഏതാനും ആഴ്ച്ച മുന്‍പ് കമ്പനി അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ബീറ്റാ വേര്‍ഷനിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ എത്തിച്ചത്. ഇത് വ്യാപകാമയി തുടങ്ങുന്നതോടെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ഇത് വലിയ പ്രയോജനം ചെയ്യും. ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഫീച്ചറുകള്‍ വരുന്നതോടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ അനാവശ്യ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന് ഒരു പരിധി വരെ തടയിടാന്‍ സാധിക്കും.
വാട്‌സാപ്പിലെ 'വ്യു വണ്‍സ്' സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അടുത്തിടെയാണ് കമ്പനി തീരുമാനിച്ചത്. പേര്് പോലെ തന്നെ ഒരു വട്ടം മാത്രം കാണുക അല്ലെങ്കില്‍ മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ഉപയോക്താക്കളെ ഫോട്ടോകളോ വീഡിയോകളോ ഉള്‍പ്പടെയുള്ള ഫയലുകള്‍ ഒരിക്കല്‍ മാത്രം ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ സ്വീകര്‍ത്താവിന് ഒരു തവണ മാത്രമേ സന്ദേശം കാണാന്‍ സാധിക്കൂ. ഇതിന് സമാനമായ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാമിലും ഇപ്പോള്‍ ലഭ്യമാണ്.
വ്യു വണ്‍സ് മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നത് ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഇത് വൈകാതെ ലഭ്യമാകുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അയയ്ക്കുന്ന മെസേജിന് മേല്‍ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന് പിന്നാലെയാണ് വാട്‌സാപ്പിലെ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഫീച്ചറിലും മാറ്റം വരുത്തിയിരിക്കുന്നത്. അയയ്ച്ച സന്ദേശം ഡിലീറ്റ് ചെയ്യാന്‍ നിലവില്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് മാത്രമാണ് സമയം. ഇത് രണ്ട് ദിവസത്തിലേറെയായി നീട്ടാനാണ് തീരുമാനം.